വീട്ടുകാര്യങ്ങള്‍ ചാനലിലൂടെ പരസ്യമാക്കി; ഭാര്യയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ ടെലിവിഷന്‍ ചാനലിലൂടെ പരസ്യമാക്കിയ ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. സ്വകാര്യചാനല്‍ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്ര താരം അവതാരകയായ പരിപാടിയിലൂടെ തനിക്കും കുടുംബത്തിനും നാണക്കേടുണ്ടായെന്ന പരാതിയില്‍ ജില്ലാ ജഡ്ജി കൂടിയായ കേരള സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റി (കെല്‍സ) മെമ്പര്‍ സെക്രട്ടറിയില്‍ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിശദീകരണം ആവശ്യപ്പെട്ടു. പരാതിക്കാരിയായ ഭാര്യയുടെ അംഗീകാരത്തോടെയാണോ സ്വകാര്യ ചാനല്‍ അദാലത്ത് നടത്തിയതെന്ന് കെല്‍സ വ്യക്തമാക്കണമെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു.
കെല്‍സയുടെയോ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയോ അംഗീകാരമില്ലാതെയാണ് അദാലത്ത് സംഘടിപ്പിച്ചതെങ്കില്‍ പ്രസ്തുത പരിപാടി മേലില്‍ സംപ്രേഷണം ചെയ്യരുതെന്നും കമ്മിഷന് ചാനല്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ചാനലിന്റെ എം.ഡി 23ന് മുന്‍പ് വിശദീകരണം ഫയല്‍ ചെയ്യണം.
ഡല്‍ഹി സി.ആര്.പി.എഫിലെ ജവാന്റെ ഭാര്യയാണ് പരാതിക്കാരി. കുടുംബത്തില്‍ നിന്നകന്നു താമസിക്കുന്ന ഇയാള്‍ ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കുന്നില്ല. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായി പരസ്യമായി സംസാരിക്കുകയും സ്വകാര്യ ചാനലിലെത്തി കാമറക്ക് മുന്നില്‍ കുടുംബ കഥകള്‍ വര്‍ണിക്കുകയും ചെയ്തു. തന്റെ അറിവോ സമ്മതമോ കൂടാതെ തനിക്കും മാതാപിതാക്കള്‍ക്കും അപകീര്‍ത്തികരമായ പരിപാടി സംപ്രേഷണം ചെയ്തുവെന്നും തന്റെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതായും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."