സാധാരണക്കാര്‍ പറയുന്നു; ഇനി വയ്യ, നടുവൊടിഞ്ഞു
നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ചിട്ട് ഒന്‍പത് ദിവസം കഴിയുമ്പോള്‍ പുതിയ നോട്ടിനായി നെട്ടോട്ടത്തിലാണ് സാധാരണ ജനങ്ങള്‍. മുഴുവന്‍ മേഖലകളിലും സ്തംഭനാവസ്ഥ ഉണ്ടായതോടെ സാധാരണക്കാര്‍ നിത്യചെലവിനായി നോട്ടോട്ടത്തിലാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അരിവരെ മുടങ്ങുമോ എന്ന ആശങ്കയിലാണിവര്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് 2000ന്റെ പുതിയ നോട്ട് എത്തിയതോടെ പുലിവാല് പിടിച്ച അവസ്ഥയിലാണ് സാധാരണക്കാര്‍. പലരും 2000ന്റെ നോട്ട് ചില്ലറയാക്കാന്‍ കേറാത്ത പടിവാതിലുകളില്ല. പാലും മീനും പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥക്ക് പുറമേ പലചരക്ക് കടകളില്‍ പോയി സാധനം വാങ്ങാനും കഴിയുന്നില്ല. പോക്കറ്റില്‍ 2000 ഉണ്ടെങ്കിലും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണിപ്പോള്‍.
സഹകരണ ബാങ്കുകള്‍ സ്തംഭിച്ചതും ക്ഷീരസംഘങ്ങളില്‍ നിന്നുള്‍പ്പെടെ പണം ലഭിക്കാത്തതും ജീവിതം നരകതുല്യമാക്കുകയാണ്. കാര്‍ഷിക വിളകള്‍ മലഞ്ചരക്ക് കടകളില്‍ എത്തിക്കുമ്പോള്‍ പണമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പല കര്‍ഷകരും കാര്‍ഷിക വിളകള്‍ വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടുപോകുകയാണ്. റബര്‍ കടകളിലും സ്ഥിതി ഇതുതന്നെയാണ്. ലക്ഷങ്ങളുടെ ഇടപാടുകള്‍ ദിനംപ്രതി നടന്നിരുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പതിനായിരം രൂപ പോലും നിലവിലില്ലാത്ത അവസ്ഥയാണ്. സഹകരണ ബാങ്കുകളിലും മറ്റും പലവിധ ആവശ്യവുമായെത്തുന്ന ഇടപാടുകാരെ ഒരുതരത്തില്‍ സാന്ത്വനിപ്പിച്ചാണ് മടക്കിയയക്കുന്നത്. പലര്‍ക്കും അഞ്ഞൂറിന് താഴെയുള്ള തുക ജീവനക്കാര്‍ തന്നെ പലരില്‍ നിന്നും വായ്പയായി വാങ്ങിയാണ് പ്രതിഷേധം തണുപ്പിക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയത് തൊഴിലാളികളെയും ബാധിച്ചിരിക്കുന്നു. കൂലി നല്‍കാന്‍ സ്ഥലമുടമകളുടെ കൈയില്‍ പണമില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
പലരുടെയും കൈയില്‍ 2000ന്റെ നോട്ടുകള്‍ കൂടുതലായി ലഭിച്ചിട്ടുണ്ടെങ്കിലും 500ന്റെ പുതിയ നോട്ട് ഇനിയും എത്താത്തതാണ് ചില്ലറ ക്ഷാമം പരിഹരിക്കപ്പെടാത്തതിന്റെ കാരണം. 2000ത്തിന് ചില്ലറ നല്‍കണമെങ്കില്‍ നൂറും അന്‍പതും നല്‍കേണ്ടതിനാല്‍ പലരും ഇതിന് തയാറാകുന്നില്ല. കച്ചവടങ്ങള്‍ നിലച്ചതോടെ വ്യാപാര മേഖല ഏറെ പ്രതിസന്ധിയിലാണ്. പഴക്കടകളില്‍ പഴങ്ങള്‍ ഏറെയും ഉപയോഗ ശൂന്യമായി നശിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കടകളിലും മറ്റും വില്‍പ്പന നാലിലൊന്നായി കുറഞ്ഞു. മില്‍മയുടെ പാല്‍ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞതോടെ മില്‍മയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ജ്വല്ലറികള്‍, ടെക്സ്റ്റയില്‍സ്, ഫര്‍ണിച്ചര്‍, ടൈല്‍സ്, മാര്‍ബിള്‍, പാത്രക്കടകള്‍ ഇവയെല്ലാം തുറന്ന് വെച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും വാടകയും കൊടുക്കാന്‍ പോലും വരുമാനം ഇല്ലാത്ത അവസ്ഥയിലാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ കടകള്‍ അടച്ചിടേണ്ടിവരുമെന്ന് വ്യാപാരികള്‍ ഭയക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."