മാല പിടിച്ചുപറി സംഘം പിടിയില്‍
ചേവായൂര്‍: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അഞ്ചോളം സ്ത്രീകളുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെട്ട മൂന്നംഗ സംഘത്തെ ചേവായൂര്‍ എസ്.ഐ യു.കെ ഷാജഹാനും കോഴിക്കോട് നോര്‍ത്ത് ഷാഡോ പോലിസും ചേര്‍ന്നു പിടികൂടി.
കഴിഞ്ഞ 16ന് രാത്രി മൂഴിക്കലില്‍ വച്ച് ചേവായൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് മൂഴിക്കലിനടുത്തെ വിരിപ്പില്‍വച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് പിടിച്ചുപറിയുടെ ചുരുളഴിഞ്ഞത്. കരുവശ്ശേരി പൂളപ്പറമ്പത്ത് വീട്ടില്‍ ശങ്കര്‍ ഗണേഷ് (32), കുന്ദമംഗലം പണിക്കരങ്ങാടി ദാറുല്‍ സനയില്‍ ഹസീബ് (26), കക്കോടി മൂത്തേടത്ത് അമീര്‍ (30) എന്നിവരാണ് പിടിയിലായത്.
നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി പൃഥിരാജിന്റെ നേതൃത്വത്തില്‍ പ്രതികളെ കൂടുതലായി ചോദ്യം ചെയ്തതില്‍ 2015 ജൂണ്‍ അവസാനം വടകര കരിമ്പനപ്പാലം മെയിന്‍ റോഡില്‍വച്ച് തൈക്കുടത്തില്‍ പ്രസീതയുടെ ഒരു പവന്‍ മാല കവര്‍ന്നതും കഴിഞ്ഞ മെയ് മാസം അവസാനം നന്മണ്ട നാരകശ്ശേരി അമ്പലം റോഡില്‍വച്ച് പാറപ്പുറത്ത് അശ്വതിയുടെ മൂന്നര പവന്‍ താലിമാല കവര്‍ന്നതും കഴിഞ്ഞ ജൂലൈ മാസം തുടക്കത്തില്‍ കുന്ദമംഗലം മൊണാട് ഹോട്ടലിനു സമീപം കട്ട് റോഡില്‍വച്ച് കാരന്തൂര്‍ വെള്ളങ്ങാട് ഗീതയുടെ രണ്ടേമുക്കാല്‍ പവന്‍ താലിമാല കവര്‍ന്നതും കഴിഞ്ഞ ഓഗസ്റ്റില്‍ വടകരതെരു ഗണപതി ക്ഷേത്രം റോഡില്‍വച്ച് അടക്കാതെരു താഴെ കോട്ടായിന്റെവിട പ്രജുലയുടെ രണ്ടു പവന്‍ താലിമാല കവര്‍ന്നതും ഇവരാണെന്ന് സമ്മതിച്ചു.
പ്രതികളെ പിടികൂടുമ്പോള്‍ വടകരയില്‍ നിന്ന് പിടിച്ചുപറിച്ച സ്വര്‍ണമാല അവരുടെ കൈവശമുണ്ടായിരുന്നു.
കൂടാതെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കുഴല്‍പ്പണം കൊണ്ടുപോകുന്നവരേയും വലിയ തുകകള്‍ കൈകാര്യം ചെയ്യുന്ന ബിസിനസ്‌കാരെയും സ്വര്‍ണം കൊണ്ടുപോകുന്നവരെയും ഇവര്‍ ലക്ഷ്യം വച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്നതായും മനസിലായിട്ടുണ്ട്.
പ്രതികള്‍ പിടിച്ചുപറിച്ച് വിറ്റ സ്വര്‍ണം കക്കോടി, കമ്മത്ത്‌ലൈന്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്ന് പോലിസ് പിടിച്ചെടുത്തു.
ചേവായൂര്‍ എസ്.ഐ ഷാജഹാനെ കൂടാതെ നോര്‍ത്ത് ഷാഡോ അംഗങ്ങളായ മനോജ്, മുഹമ്മദ് ഷാഫി, സജി, അബ്ദുറഹ്മാന്‍, റണ്‍ദീര്‍, അഖിലേഷ്, ആഷിഖ്, പ്രമോദ്, സുനില്‍കുമാര്‍ എന്നിവരും ചേവായൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ അരവിന്ദാക്ഷന്‍, ഡ്രൈവര്‍ സി.പി.ഒ ഫൈസല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഷബീര്‍ മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."