പ്രിന്‍സിപ്പലിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ മാനേജ്‌മെന്റ് ശ്രമം
ഒരുമനയൂര്‍: സ്‌കൂള്‍ ബസിന്റെ ഫീസടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്താതെ പുറത്തെ പൊരി വെയിലില്‍ നിര്‍ത്തി പീഡിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ മാത്രം പുറത്താക്കി മുഖം രക്ഷിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായി സൂചന.
ഒരുമനയൂരില്‍ കാന്തപുരം സുന്നികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ബസ് യാത്ര ഫീസടക്കാത്തതിന്റെ പേരില്‍ പരീക്ഷ എഴുതിക്കാതെ പുറത്താക്കിയത്. 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതും ചില്ലറ ലഭ്യമല്ലാത്തതുമാണ് ഫീസടക്കാത്തതിന്റെ കാരണം. എന്നാല്‍ 400 നല്‍കാനുള്ള വിദ്യാര്‍ഥി 500 നല്‍കിയിട്ടും സ്വീകരിക്കാതെയാണ് അധികൃതര്‍ ഒന്നു മുതല്‍ 10വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 400 ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയത്. വിവരം പുറത്തറിയാതിരിക്കാന്‍ അധ്യാപിക പുറത്ത് കാവല്‍ നില്‍ക്കുകയും ഭീഷണി പെടുത്തുകയും ചെയ്തതായും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കളില്‍ ചിലര്‍ ചാവക്കാട് സ്റ്റേഷനില്‍ അധ്യാപികക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബസ് ചാര്‍ജ് നല്‍കാത്ത കുട്ടികളെ ക്ലാസില്‍ കയറ്റേണ്ടതില്ലെന്ന തീരുമാനമെടുക്കുന്നത് മാനേജ്‌മെന്റ് കമ്മിറ്റിയാണെന്നും സംഭവത്തില്‍ അവര്‍ക്കെതിരെ കൂടി കേസെടുക്കേണ്ടി വരുമെന്നും പൊലിസ് പരാതിക്കാരായ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവിലാണ് പരാതിക്കാര്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറാതത്രെ. എന്നാല്‍ സംഭവം 'സുപ്രഭാതം' വാര്‍ത്തയാക്കിയതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധം രൂപപ്പെട്ടു തുടങ്ങി. ഇതിന്റെ ഭാഗമായി ജവഹര്‍ ബാലജനവേദി ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതാക്കള്‍ സ്‌കൂള്‍ അധികൃതരമായി ചര്‍ച്ച നടത്തിയപ്പോഴാണ് പ്രിന്‍സിപ്പലിനെക്കൊണ്ടണ്ട് ശനിയാഴ്ച്ച രാജിവെപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജവഹര്‍ ബാലവേദി നടത്താന്‍ തീരുമാനിച്ച സമരപരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് കെ.വി സത്താര്‍ അറിയിച്ചു.
അനീഷ് പാലയൂര്‍, ഫ ദിന്‍ രാജ്, നിഖില്‍ വീട്ടിക്കിഴി, അഷറഫ് ഹൈദരാലി, കെ.കെ ഫവാസ്, തബ്ഷീര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതേ സമയം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മാത്രം പുറത്താക്കി മുഖം രക്ഷിക്കാനുള്ള അധികൃതരുടെ തീരുമാനത്തില്‍ ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും അമര്‍ഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."