പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ഇനി പോസ്റ്റ് ഓഫിസിലും നല്‍കാം
മലപ്പുറം: പാസ്‌പോര്‍ട്ട് സേവനം ഇനി നിങ്ങളുടെ ഗ്രാമത്തിലും. രാജ്യത്തെ പോസ്റ്റ് ഓഫിസ് വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനാകുന്ന സൗകര്യമാണ് നിലവില്‍ വരുന്നത്. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴി സേവനം ലഭ്യമാക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്ക് താങ്ങാവുന്നതിലുമധികമാണ് അപേക്ഷകരുടെ എണ്ണം. ഇത് കാലതാമസമുണ്ടാക്കുന്നുണ്ട്. വിദേശ ജോലികളടക്കമുള്ള പല അവസരവും നഷ്ടപ്പെടുത്തുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്. രാജ്യത്ത് ആകെയുള്ളത് 37 പാസ്‌പോര്‍ട്ട് ഓഫിസുകളാണ്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് പാസ്‌പോര്‍ട്ട് സേവനത്തിലും രാജ്യം ഏറെ പിന്നിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാറിന്റെ പുതിയ നീക്കം.
ജീവനക്കാര്‍ കുറവായതിനാലാണ് പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നതിനും പാസ്‌പോര്‍ട്ടിനാവശ്യമായപ്രാഥമിക ജോലികള്‍ നിര്‍വഹിക്കുന്നതിനുമായി 2010ല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (പി.എസ്.കെ) തുടങ്ങിയത്. എന്നാല്‍ ആറുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയിലും അപേക്ഷകരുടെ പ്രശ്്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതുവഴികള്‍ തേടുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൃംഖലകളുള്ള സ്ഥാപനമെന്ന നിലക്കാണ് പോസ്റ്റ് ഓഫിസിനെ തിരഞ്ഞെടുത്തത്. നിലവില്‍ രാജ്യത്ത്് 1,54,939 പോസ്റ്റ് ഓഫിസുകളാണുള്ളത്. ഇതില്‍ 90 ശതമാനവും ഗ്രാമങ്ങളിലാണ്. ഇതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ പി.എസ്.കെ വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുമ്പോള്‍ എ,ബി,സി എന്ന രീതിയില്‍ മൂന്ന് കാറ്റഗറിയിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യ വിഭാഗത്തില്‍ അപേക്ഷ പൂര്‍ണമാണോയെന്ന്് പരിശോധിക്കുക, ഫോട്ടോയെടുക്കുക, വിരലടയാളമുള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കി ബി,സി സെക്ഷനുകളിലേക്കയക്കുന്നു. ഇവിടെയാണ് സര്‍ട്ടിഫിക്കേറ്റ്, മറ്റുരേഖകളുള്‍പ്പടെയുള്ളവ പരിശോധിക്കുന്നത്.
പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് ചുമതലപ്പെടുത്തിയ ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ് ബി,സി സെക്ഷനുകളില്‍ നിയോഗിക്കുക. എന്നാല്‍ പോസ്റ്റ് ഓഫിസില്‍ അപേക്ഷ സ്വീകരിക്കുന്നതും പാസ്‌പോര്‍ട്ട്
അനുവദിക്കുന്നതുമുള്‍പ്പടെ ജോലികള്‍ പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ തന്നെ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് അയക്കും. ഇതിനായി തെരഞ്ഞെടുത്ത ജീവനക്കാര്‍ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണമെന്ന നിലയില്‍ ഡല്‍ഹിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഒരു പോസ്റ്റ് ഓഫിസില്‍ 150 മുതല്‍ 200 അപേക്ഷകള്‍ വരേ സ്വീകരിക്കാന്‍ സംവിധാനമുണ്ടാകും. ഇതോടെ പി.എസ്.കെയിലെ തിരക്കിനും പാസ്‌പോര്‍ട്ട് ഓഫിസിലെ ജീവനക്കാരുടെ ക്ഷാമത്തിനും പരിഹാരമാകും. പോസ്റ്റ് ഓഫിസ് സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലായതിനാല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.കെ ക്രമേണ ഇല്ലാതാക്കാനുമാകും.
എന്നാല്‍ പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നത് പൂര്‍ണമായി പോസ്റ്റ് ഓഫിസ് ജീവനക്കാരെ ഏല്‍പ്പിക്കാനുള്ള നീക്കത്തിനേതിരേ ആള്‍ ഇന്ത്യ പാസ്‌പോര്‍ട്ട്് സ്റ്റാഫ് അസോസിയേഷന്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. പി.എസ്.കെ മാതൃകയില്‍ തങ്ങളെ പോസ്റ്റ് ഓഫിസുകളില്‍ നിയമിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച് ഇന്നലെ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. ഇന്ന് വിദേശകാര്യ സഹന്ത്രി വി.കെ സിംഗുമായും ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."