നോട്ടുകുരുക്കില്‍ വലഞ്ഞ് ബാങ്ക് ജീവനക്കാരും
കോഴിക്കോട്: ചില്ലറക്ഷാമത്തില്‍ പെട്ട് വലയുകയാണ് ജനങ്ങള്‍ക്കൊപ്പം ബാങ്ക് ജീവനക്കാരും. രാവിലെ മുതല്‍ നോട്ടു മാറാനെത്തുന്നവര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് നോട്ടില്ലാത്തതിനാല്‍ സംസ്ഥാനത്തെ ബാങ്കു ജീവനക്കാര്‍ക്ക് ഉത്തരം മുട്ടുകയാണ് .
ആവശ്യത്തിന് നൂറിന്റേയും അന്‍പതിന്റേയും നോട്ടില്ലാത്തതാണ് ജീവനക്കാരെ പ്രയാസത്തിലാക്കുന്നത്. ബാങ്കുകളില്‍ ആകെയുള്ളത് 2000ത്തിന്റെ പുതിയ നോട്ടുകള്‍ മാത്രമാണ്. എന്നാല്‍ ഇതു വാങ്ങാന്‍ ആളുകള്‍ കൂട്ടാക്കുന്നില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ജനങ്ങളെപ്പോലെ ബാങ്കു ജീവനക്കാരും നെട്ടോട്ടമോടുകയാണ്.
വെള്ളമോ ഭക്ഷണമോ ഇല്ലാതെ രാവിലെ മുതല്‍ വരി നിന്ന് തങ്ങള്‍ക്കു മുന്നില്‍ എത്തുന്നവരോട് ചില്ലറയില്ലെന്ന് പറയാന്‍ സാധിക്കില്ല. 2000 കിട്ടിയതുകൊണ്ട് അവര്‍ക്ക് പ്രയോജനവുമില്ല. ആദ്യം വരുന്ന കുറച്ചു പേര്‍ക്ക് നല്‍കാനുള്ള നോട്ടുകള്‍ മാത്രമാണ് നിലവില്‍ മിക്ക ദിവസങ്ങളിലും ബാങ്കിലുണ്ടാകാറുള്ളൂവെന്ന് കല്‍പ്പറ്റയിലെ കനറാ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഹന്ന ഫാത്തിമ സുപ്രഭാതത്തോടു പറഞ്ഞു.
മിക്ക ദിവസങ്ങളിലും ബാങ്കിലെത്തുന്ന ആളുകള്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവായിട്ടുണ്ട്. എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള പണവും ബാങ്കുകാരുടെ കൈവശമില്ല. അല്‍പ്പം പോലും മുഷിയാത്ത നോട്ടുകള്‍ മാത്രമാണ് എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനാകുക. മുഷിഞ്ഞ നോട്ടുകള്‍ മെഷീന്‍ റിജക്ട് ചെയ്യുന്നതിനാല്‍ എ.ടി.എമ്മുകള്‍ അടച്ചിടുകയാണ്. പുതിയ നിബന്ധനകള്‍ അറിയാത്തതിനാല്‍ ബാങ്കില്‍ വന്ന് പ്രതിസന്ധിയിലാകുന്നവരും ഏറെയാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നു.
ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തന്നെ ബാങ്കുദ്യോഗസ്ഥര്‍ പെടാപാട് പെടുകയാണ്. ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ ഐ.ഡി പ്രൂഫ് വേണം എന്ന നിബന്ധനയും അംഗീകരിക്കാന്‍ മിക്ക ആളുകളും തയ്യാറല്ല. മറ്റൊരാളുടെ അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കാന്‍ സാധിക്കാത്തതും ദിവസേന ബാങ്കുകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അന്യസ്ഥലങ്ങളില്‍ പഠിക്കുന്ന മക്കളുടെ അക്കൗണ്ടിലേക്കും മറ്റും പണം നിക്ഷേപിക്കാനെത്തുന്ന രക്ഷിതാക്കളാണ് ഏറ്റവുമധികം ക്ഷുഭിതരാകുന്നത്.
മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെങ്കില്‍ അയാളുടെ അനുമതി പത്രം വേണമെന്നതാണ് ജനങ്ങളേയും ബാങ്കു ജീവനക്കാരേയും ഒരു പോലെ വലയ്ക്കുന്നത്. ഇതിനു പുറമെയാണ് ബാങ്കു ജീവനക്കാര്‍ക്ക് ഇപ്പോഴുള്ള അമിത ജോലിഭാരവും. അഞ്ഞൂറിന്റെ നോട്ടുകള്‍കൂടി എത്തുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് അല്‍പ്പം അയവു വരുമെന്ന പ്രതീക്ഷയിലാണ് ബാങ്കു ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."