പുറപ്പിള്ളിക്കാവില്‍ റെഗുലേറ്റര്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ മറിഞ്ഞു
നെടുമ്പാശ്ശേരി: പെരിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി പുറപ്പിള്ളിക്കാവില്‍ റെഗുലേറ്റര്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ മറിഞ്ഞു വീണു.തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനിടയിലാണ് അപകടം.ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. നിര്‍മാണം പൂര്‍ത്തിയായ പാലത്തിന് മുകളില്‍ ക്രെയിന്‍ നിര്‍ത്തിയാണ് റെഗുലേറ്റര്‍ സ്ഥാപിച്ചിരുന്നത്.ആകെയുള്ള 24 റെഗുലേറ്ററുകളില്‍ 21 എണ്ണം സ്ഥാപിക്കുന്നത് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
ബാക്കി മൂന്നെണ്ണമാണ് ഇനി സ്ഥാപിക്കാനുള്ളത്. റെഗുലേറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ ഇന്നലെ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്.ഇതിനായി മൂന്ന് ഷട്ടറുകളും ഇന്നലെ സ്ഥാപിക്കാനായിരുന്നു തീരുമാനം.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇതില്‍ ആദ്യത്തെ ഷട്ടര്‍ സ്ഥാപിക്കുന്നതിനിടെ പെട്ടെന്ന് ക്രെയിന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
3500 കിലോഗ്രാമോളം തൂക്കമുള്ളതാണ് ഓരോ ഷട്ടറും. ക്രെയിന്‍ ഉപയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ പരമാവധി അകലം കുറച്ചാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍ ഇന്നലെ ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ ക്രെയിന്‍ നിന്നിരുന്ന അകലം കൂടിയതിനെ തുടര്‍ന്ന് ക്രെയിനിന്റെ 'കൈ' പരമാവധി നീട്ടിയാണ് ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിച്ചത്. ഇതിനിടെ ക്രെയിനില്‍ തൂങ്ങിക്കിടന്നിരുന്ന ഷട്ടര്‍ ആടിയതോടെ നിയന്ത്രണം വിട്ട് ക്രെയിന്‍ മറിയുകയായിരുന്നു. ഉദ്യോഗസ്ഥരടക്കം അടുത്തുണ്ടായിരുന്നവര്‍ പെട്ടെന്ന് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം വഴി മാറുകയായിരുന്നു. ഉയര്‍ത്തി നിര്‍ത്തിയിരുന്ന ഷട്ടറും പുഴയിലേക്ക് വീണു.നിര്‍മ്മാണം പൂര്‍ത്തിയായിരുന്ന പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ടുണ്ട്.
റെഗുലേറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.ദൂതത്താന്‍ കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിട്ടാണ് ഉപ്പിന്റെ അളവ് കുറയ്ക്കുന്നത്.
റെഗുലേറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ വീണ്ടും തടസ്സപ്പെട്ടതോടെ പെരിയാറിനെ ആശ്രയിക്കുന്ന കുടിവെള്ള കാര്‍ഷിക മേഖലകള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."