പ്രതീക്ഷകള്‍ കട്ടപ്പുറത്താക്കി കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍
കോഴിക്കോട്: യാത്രാ സ്വപ്നങ്ങള്‍ക്കു കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ നല്‍കി യാഥാര്‍ഥ്യമായ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ ഉയരുന്നത് നിരാശയുടെ കറുത്ത പുക. ഒന്നര വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്തതു മുതല്‍ ആരംഭിച്ച വിവാദങ്ങള്‍ക്ക് ഇനിയും അറുതി വന്നിട്ടില്ല. 80 കോടിയോളം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട ടെര്‍മിനലിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാവുന്നത്.
രണ്ടു ബ്ലോക്കുകളിലായി കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിനു യാത്രക്കാരെത്തുന്ന സ്റ്റാന്‍ഡില്‍ നിലവില്‍ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടത്ര സൗകര്യമില്ല. വനിതകള്‍ക്കായി നിര്‍മിച്ച വിശ്രമ മുറിയും വി.ഐ.പി ലോഞ്ചും ജീവനക്കാരുടെ ടോയ്‌ലറ്റും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉപകാരപ്രദമാവുന്ന കാന്റീന്‍ സംവിധാനവും നിലവിലില്ല. കെ.എസ്.ആര്‍.ടി.സി സോണല്‍, വിജിലന്‍സ് ഓഫിസുകള്‍ നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാവൂര്‍ റോഡില്‍ സര്‍വിസ് അവസാനിക്കുന്ന ബസുകള്‍ വീണ്ടും പാവങ്ങാട് ഡിപ്പോയിലേക്കു പാര്‍ക്ക് ചെയ്യാന്‍ പോവുന്നത് വന്‍ നഷ്ടമാണുണ്ടാക്കുന്നത്. എന്നാല്‍ ഇതുവരെയായിട്ടും പാവാങ്ങാടുള്ള ഡിപ്പോ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തില്‍ രണ്ടു ലക്ഷത്തോളം ചതുരശ്രയടി വ്യാപാര ആവശ്യത്തിനായി ഉപയോഗിക്കാനാണ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ടെന്‍ഡര്‍ വിളിച്ചിട്ടും ഷോപ്പിങ് കോംപ്ലക്‌സ് കൈമാറ്റം നിയമക്കുരുക്കില്‍പെട്ട് നീണ്ടുപോവുകയായിരുന്നു. മാക് അസോസിയേറ്റ്‌സ് എന്ന കമ്പനി കരാര്‍ ഏറ്റെടുത്തെങ്കിലും കെട്ടിടത്തില്‍ പാലിക്കേണ്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ കെ.ടി.ഡി.എഫ്.സി പാലിക്കാത്തതിനാല്‍ മുഴുവന്‍ തുകയും നല്‍കില്ലെന്നാണ് കമ്പനി പറയുന്നത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി നിര്‍ദേശിച്ച നിബന്ധനകള്‍ പ്രകാരം പ്രവൃത്തികള്‍ നിലവില്‍ നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുമൂലം പ്രതിമാസം 50 ലക്ഷം രൂപയുടെ വാടകയാണ് കെ.ടി.ഡി.എഫ്.സിയുടെ അലംഭാവം മുലം സര്‍ക്കാരിനു നഷ്ടപ്പെടുന്നത്.
വടക്കുഭാഗത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ആവശ്യാര്‍ഥം സ്ഥാപിച്ച സ്റ്റെയര്‍കെയ്‌സ് സ്റ്റാന്‍ഡിനടുത്തുള്ള പമ്പില്‍നിന്നു ബസുകള്‍ ഇന്ധനം നിറച്ചു തിരിച്ചുപോകുന്ന വഴിമധ്യേയാണ്. അതിനാല്‍ ഇതുവഴി ബസിനു പോകാനും സാധിക്കുന്നില്ല.
നേരത്തെ സമയബന്ധിതമായി പ്രവര്‍ത്തികള്‍ നടത്തി ടെര്‍മിനല്‍ ആദായകരമാക്കി മാറ്റാത്തതില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സത്യഗ്രഹ സമരം നടത്തിയിരുന്നു. സ്റ്റാന്‍ഡില്‍ വകുപ്പ് മന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ സ്ഥലം എം.എല്‍.എ പ്രദീപ് കുമാര്‍ കെ.ടി.ഡി.എഫ്.സിയുടെ അലംഭാവങ്ങള്‍ക്കെിരേ ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നു. കെട്ടിടം അശാസ്ത്രീയമായിട്ടാണ് നിര്‍മിച്ചതെന്നും മന്ത്രിമാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ നിരുത്തരവാദപരമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും എം.എല്‍.എ പറഞ്ഞു.
കെ.ടി.ഡി.എഫ്.സി ഉദ്യോഗസ്ഥരാണ് ഇതില്‍ പ്രതികളെന്നും ശക്തമായ രീതിയില്‍ നടപടി വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേത്രത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ടെര്‍മിനലിന്റെ ബാക്കി പണിയും വര്‍ക്ക്‌ഷോപ്പിന്റെയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ റീഅലൈന്‍മെന്റ് പ്രവൃത്തികളും ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു കൈമാറുമെന്ന് കെ.ടി.ഡി.എഫ്.സി ഉറപ്പുനല്‍കിയിട്ടുണ്ട്. ടെര്‍മിനലിന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ.ടി.ഡി.എഫ്.സിയുടെ ഉറപ്പ് നീണ്ടുപോവാതിരിക്കട്ടെയെന്നാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രാര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."