ചികിത്സാ ചെലവിന്റെ ഫയല്‍ ആരോഗ്യവകുപ്പ് കളഞ്ഞു; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന്
തിരുവനന്തപുരം: കാന്‍സര്‍ ബാധിതനായി മരിച്ച ഭര്‍ത്താവിന്റെ ചികിത്സാ ചെലവ് പാര്‍ടൈം സ്വീപ്പറായ ഭാര്യയ്ക്ക് അനുവദിക്കാതെ ഫയല്‍ നഷ്ടപ്പെടുത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
പാലക്കാട് വനം വകുപ്പില്‍ പാര്‍ടൈം സ്വീപ്പറായ കെ.കെ. ലക്മിദേവിയുടെ ഭര്‍ത്താവിന്റെ ചികിത്സാ ഫയലാണ് ആരോഗ്യവകുപ്പ് നഷ്ടപ്പെടുത്തിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
കേസ് ഡിസംബറില്‍ തിരുവനന്തപുരത്ത് പരിഗണിക്കും. ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ സര്‍ക്കാര്‍ അംഗീകരിച്ച തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് കാന്‍സറിന് ചികിത്സിച്ചത്. 1. 61ലക്ഷം രൂപ ചികിത്സക്ക് ചെലവായി. 2012ല്‍ ഭര്‍ത്താവ് മരിച്ചു. 2012 ഒക്‌ടോബര്‍ 30ന് 1.33 ലക്ഷം രൂപ ലക്ഷ്മിദേവിക്ക് അനുവദിക്കാമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അനുവാദം നല്‍കി. തുടര്‍ന്ന് ഫയല്‍ വനം വകുപ്പില്‍ നിന്ന് സെക്രട്ടേറിയറ്റിലെ ആരോഗ്യവകുപ്പിലെത്തി.
ധനവകുപ്പിന്റെ അനുമതി വാങ്ങി പണം അനുവദിക്കുകയാണ് കീഴ്‌വഴക്കം. എന്നാല്‍ ഫയല്‍ മുങ്ങി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്തയച്ചെങ്കിലും അന്വേഷണത്തില്‍ ആരോഗ്യ വകുപ്പില്‍ നിന്നും ഫയല്‍ നഷ്ടപ്പെട്ടതായി അറിഞ്ഞു.
ലക്ഷ്മിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് ഫയലിന് പിന്നാലെ നടക്കാനുള്ള ശേഷിയില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."