ലഹരിയില്ലാത്ത കേരളത്തിനായി 'വിമുക്തി' പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ധിക്കുന്ന ഉപയോഗം തടഞ്ഞ് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്‌നത്തിന് തുടക്കം. ബഹുജനപങ്കാളിത്തത്തോടെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ലഹരിവര്‍ജന മിഷന്‍ 'വിമുക്തി' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ ദുഷ്ഫലങ്ങളെപ്പറ്റിയുള്ള അവബോധ പ്രചാരണങ്ങള്‍, ലഹരിവിമുക്ത കേന്ദ്രങ്ങള്‍, ലഹരിപദാര്‍ഥങ്ങളുടെ ലഭ്യതയും വിതരണവും ഉപഭോഗവും ഇല്ലാതാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ലഹരിവര്‍ജന ദൗത്യം സംസ്ഥാനമാകെ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രത്യേക ലഹരിവിമുക്ത കേന്ദ്രങ്ങളും ആരംഭിക്കും.
'വിമുക്തി'യുടെ ലോഗോ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനംചെയ്തു. മേയര്‍ വി.കെ. പ്രശാന്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. നികുതിവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി പി. മാരപാണ്ഡ്യന്‍ സ്വാഗതവും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നന്ദിയുംപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."