ഫൈസലിന്റെ കുടുംബത്തെ സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആത്മസംയമനം പാലിക്കണമെന്ന് കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി. ഇന്നലെ കൊടിഞ്ഞി പഴയ ജുമാമസ്ജിദില്‍ നടത്തിയ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാമതവിഭാഗങ്ങളിലും ഭൂരിഭാഗം ആളുകളും സമാധാനം ആഗ്രഹിക്കുന്നവരാണ്. ഏതാനും ആളുകള്‍ ചെയ്തുകൂട്ടുന്ന ഇത്തരം അനീതികളുടെ പേരില്‍ ആ സമുദായത്തെ മൊത്തത്തില്‍ പഴിക്കുന്നതില്‍ അര്‍ഥമില്ല. ഇത്തരം സന്ദര്‍ഭങ്ങളെ വൈകാരികമായി മുതലെടുക്കുന്നവരെ തിരിച്ചറിയുകയും, അവര്‍ ആരായാലും ഒറ്റപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈയൊരു സംഭവത്തിന്റെ പേരില്‍ നാട്ടില്‍ നിലനിന്നിരുന്ന സമാധാനവും, സൗഹൃദ അന്തരീക്ഷവും തകരാന്‍ പാടില്ല. മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫൈസലിന്റെ വീട് സന്ദര്‍ശിച്ച തങ്ങള്‍ കുടുംബത്തെ സമാശ്വസിപ്പിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം.എ ചേളാരി, സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസബോര്‍ഡ് മാനേജര്‍ കെ. മൊയീന്‍കുട്ടി മാസ്റ്റര്‍, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി, ട്രഷറര്‍ സെയ്തലവി ഹാജി കോട്ടക്കല്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി .എം റഫീഖ് അഹമ്മദ്, ജില്ലാ സെക്രട്ടറി സഹീര്‍ അന്‍വരി, സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, സയ്യിദ് ഷാഹുല്‍ ഹമീദ് ജമലുല്ലൈലി, ഉമര്‍ ദാരിമി പുളിയക്കോട് , യു.കെ.എം ബഷീര്‍ മൗലവി, മുഹമ്മദ് റാസി ബാഖവി, നൗഷാദ് ചെട്ടിപ്പടി, ത്വയ്യിബ് ഹുദവി, സിദ്ദീഖ്ഹാജി ചെറുമുക്ക്, മുഹമ്മദലി പുളിക്കല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികള്‍
വലയിലെന്ന് സൂചന
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലി(30)നെ വധിച്ച കേസില്‍ പ്രതികളില്‍ ചിലര്‍ വലയിലായതായി സൂചന. ബാക്കിയുള്ളവര്‍ ഉടന്‍ പിടിയിലായേക്കും. ഇവര്‍ക്കുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. അതേസമയം കൂടുതല്‍ വിവരങ്ങള്‍ക്കായി നേരത്തെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ള ഫൈസലിന്റെ ബന്ധുക്കളടങ്ങുന്ന മൂന്നു പേരെയാണ് കാര്യമായി ചോദ്യം ചെയ്യുന്നത്. ഏതാനും പേര്‍ നിരീക്ഷണത്തിലുമാണ്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സംഭവ ദിവസത്തെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും കേസിനെ സഹായിക്കുന്നവിധത്തില്‍ കാര്യമായൊന്നും പൊലിസിന് ലഭിച്ചിട്ടില്ല.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഏതാനും കറുത്തനിറത്തിലുള്ള പള്‍സര്‍ ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കാറും പൊലിസ് അന്വേഷിക്കുന്നുണ്ട്. തീവ്ര ഹിന്ദു സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ആണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."