രാഷ്ട്രീയ ശാക്തീകരണത്തിന്റെ വര്‍ത്തമാനം
വര്‍ത്തമാനകാല ഇന്ത്യയില്‍ രാഷ്ട്രീയസാഹചര്യങ്ങള്‍ അനുദിനം വഷളാവുകയും അനീതിയും അവകാശനിഷേധവും ജനാധിപത്യത്തിന്റെ പഴുതുകളുപയോഗപ്പെടുത്തി രംഗത്തുവരുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വലതുപക്ഷ ഫാസിസം ഭീതി വിതച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുകയും പരിമിതികള്‍ പരിഹരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിംരാഷ്ട്രീയത്തെയും മുസ്‌ലിംലീഗ് രാഷ്ട്രീയത്തെയും കുറിച്ച് ഒട്ടനവധി ചോദ്യങ്ങളുയര്‍ന്നുവരുകയും അവ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുകയും ചെയ്തപ്പോഴും അതതുകാലത്തെ രാഷ്ട്രീയസാഹചര്യങ്ങളോടു ക്രിയാത്മകമായി പ്രതികരിച്ചും സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വമെന്ന തത്വം മുറുകെപിടിച്ചുമാണു ലീഗ് നിലനിന്നത്. വിഭജനാനന്തരകാലത്തെയും ശരീഅത്ത് വിവാദ കാലത്തെയും പാര്‍ട്ടിയിലും സമുദായത്തിലും നടന്ന സംഘടനാശൈഥില്യങ്ങളെയും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം രൂപപ്പെട്ട അരക്ഷിതാവസ്ഥയെയുമെല്ലാം വിജയകരമായി കൈകാര്യം ചെയ്യാന്‍ മുസ്‌ലിംലീഗിനു കഴിഞ്ഞു.
മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ, ദലിത്, ആദിവാസി വിരുദ്ധ നയങ്ങള്‍ക്കെതിരേ ഉയര്‍ന്നുവരുന്ന മുസ്‌ലിം, ദലിത് ഐക്യ രാഷ്ട്രീയമെന്ന ആശയത്തോടുള്ള മുസ്‌ലിംലീഗിന്റെ ക്രിയാത്മകപ്രതികരണവും ഈ പശ്ചാതലത്തില്‍വേണം വായിക്കാന്‍.
ഈയിടെ നടന്ന മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം വര്‍ത്തമാന ഇന്ത്യയില്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന സ്വത്വപ്രതിസന്ധിയെ ഓര്‍മിപ്പിക്കുന്നു. ഭരണകൂട ഭീകരതയായാലും ഭൂരിപക്ഷ വര്‍ഗീയതയായാലും ഇരയാക്കപ്പെടുന്ന ഈ ജനവിഭാഗത്തിന്റെ രാഷ്ട്രീയമായ ഐക്യപ്പെടല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ദുര്‍ബലവിഭാഗങ്ങളുടെ രാഷ്ട്രീയമുന്നേറ്റത്തിനു സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മയുണ്ടാവണമെന്നുമായിരുന്നു യൂത്ത്‌ലീഗ് സമ്മേളനം അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ മേല്‍ജാതി രാഷ്ട്രീയ കുതന്ത്രങ്ങള്‍ മൂലം ഭരണഘടനാ അസംബ്ലിയില്‍ എത്താതിരുന്ന അംബേദ്കറെ ബംഗാളിലെ മുസ്‌ലിംലീഗിന്റെ മണ്ഡലത്തില്‍നിന്നു വിജയിപ്പിച്ചതു മുതല്‍ ഒട്ടനവധി അവസരങ്ങളില്‍ ലീഗും രാജ്യത്തെ ദലിത് ജനവിഭാഗങ്ങളും രാഷ്ട്രീയമായും അല്ലാതെയും സഹകരിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ദലിത് ലീഗ് എന്ന പേരില്‍ പ്രത്യേക സംഘടന പോലുമുള്ള ഒരേയൊരു സമുദായ രാഷ്ട്രീയപ്പാര്‍ട്ടി മുസ്‌ലിംലീഗായിരിക്കും. പഴയകഥകള്‍ ആവര്‍ത്തിക്കുന്നതിനപ്പുറം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊത്തു മുന്നോട്ടുപോകാന്‍ ആശയപരമായും പ്രായോഗികമായും ലീഗ് തയാറാണെന്നതാണു യൂത്ത്‌ലീഗ് പ്രമേയം അര്‍ഥമാക്കുന്നത്.
ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന സമരത്തോടും ഉനയിലെ ദലിത് മുന്നേറ്റത്തോടുമെല്ലാം ഉചിത സമയത്തു പ്രതികരിക്കാനും പുതിയ ദലിത് നേതൃത്വത്തിനു തങ്ങളുടെ വേദികളില്‍ സമയമനുവദിച്ചുകൊടുക്കാനും ലീഗ് മുന്നോട്ടുവരുന്നതു കേവലരാഷ്ട്രീയത്തിനപ്പുറം മതപരമായ ബോധ്യങ്ങളുടെ ബലത്തിലാണ്. സമൂഹത്തിലെ പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെനില്‍ക്കുകയും സാമൂഹികനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ നീതി നിഷേധിക്കപ്പെട്ടവരോട് ഐക്യപ്പെടുകയും ചെയ്യേണ്ടത് ഇസ്്‌ലാമിക സംസ്‌കൃതിയുടെ പാരമ്പര്യമാണ്.
തൊണ്ണൂറുകള്‍ മുതല്‍ സമുദായത്തെ പിടിച്ചുലച്ച നിരവധിവിഷയങ്ങളില്‍ മുസ്‌ലിംലീഗ് കൈകൊണ്ട നിലപാടുകള്‍ തന്നെയാണ് അനുദിനം മാറുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ പാര്‍ട്ടിയെ പിടിച്ചുനിര്‍ത്തുന്നത്. ആശയ, രാഷ്ട്രീയ നിശ്ചലാവസ്ഥകളെ പല രീതിയില്‍ മറികടക്കാന്‍ ലീഗിനു കഴിഞ്ഞിട്ടുണ്ട്. സമുദായത്തിനകത്തുള്ള തീവ്രവാദപ്രവണതകളെ എതിര്‍ക്കുന്ന അതേസയമത്തു തന്നെ അന്യായമായി തടവിലാക്കപ്പെട്ടവരോടും കേസു ചുമത്തപ്പെടുന്നവരോടും ഐക്യപ്പെടാന്‍ കഴിയുന്നത് ഇതുകൊണ്ടാണ്. ഐ.എസ് ആരോപണവിധേയനായി മുംബൈയില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്കു നിയമസഹായം നല്‍കുമെന്നു പാര്‍ട്ടി തീരുമാനിച്ചതു കഴിഞ്ഞദിവസമാണ്.
ശക്തമായ വര്‍ഗീയധ്രുവീകരണം നടന്ന 1991ല്‍ 20 വര്‍ഷത്തെ മുന്നണിബന്ധംപോലും മുറിച്ചുമാറ്റി ബാബരിമസ്ജിദ് പ്രശ്‌നത്തിലുള്‍പ്പെടെ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ ലീഗ് ശ്രമിച്ചിരുന്നു. ഇന്ന് ഏതാണ്ട് എല്ലാ മുസ്‌ലിംസംഘടനകളും തീവ്രവാദത്തെ പരസ്യമായി എതിര്‍ക്കുകയും അതിന്റെ പേരിലുള്ള ഭരണകൂട വേട്ടയാടലുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
1980 മുതല്‍ കേരളരാഷ്ട്രീയത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന തെരഞ്ഞെടുപ്പുപ്രകടനം കാഴ്ചവച്ചത് മുസ്‌ലിംലീഗാണ്. 1991 ല്‍ 7.67, 1996 ല്‍ 7.24, 2001 ല്‍ 8.0, 2006 ല്‍ 7.3, 2011 ല്‍ 8.28, 2016 ല്‍ 7.44 എന്നിങ്ങനെയാണു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ വോട്ട് ഷെയര്‍. നേരത്തേ ആറുശതമാനത്തില്‍ താഴെമാത്രം വോട്ടുനേടിയിരുന്ന പാര്‍ട്ടി ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഘടനാപരമായും ആശയപരമായും ചലനാത്മകത കൈവരിച്ചതാണ് ഈ രാഷ്ട്രീയസ്ഥിരതയുടെ കാരണം. ഗള്‍ഫ് കുടിയേറ്റം പോലെ സമൂഹത്തില്‍ നടന്ന മാറ്റങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും ലീഗിനു കഴിഞ്ഞു.
വോട്ട് ഷെയറില്‍ വലിയ കുറവുണ്ടായില്ലെങ്കിലും 2006ലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണു ലീഗ് നേരിട്ടത്. പരാജയത്തില്‍നിന്നു പാഠംപഠിച്ചുവെന്നു മാത്രമല്ല, കാരുണ്യ,സേവന പ്രവര്‍ത്തനത്തിലൂടെ ദരിദ്രരുടെയും നിരാശ്രിതരുടെയും പ്രിയം സമ്പാദിക്കാനും കഴിഞ്ഞു.
പ്രകൃതിസംരക്ഷണവും പരിസ്ഥിതിവിഷയങ്ങളും വലിയ ആശങ്കകള്‍ക്കു വകവയ്ക്കുമ്പോള്‍ നിത്യഹരിതഭൂമി, വിണ്ടെടുക്കപ്പെടേണ്ട പ്രകൃതി, എന്ന മുദ്രാവാക്യത്തിനു കീഴില്‍ ഒരു പരിസ്ഥിതി നയംതന്നെ മൂന്നുവര്‍ഷം മുമ്പ് ലീഗ് രൂപീകരിച്ചത് ശ്രദ്ധേയമാണ്.
മുസ്‌ലിം, ദലിത്, ആദിവാസി തുടങ്ങി പലരീതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ സംയുക്തമുന്നേറ്റത്തെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ദേശവിരുദ്ധത, വര്‍ഗീയത, തീവ്രവാദം, മതേതരത്വ വിരുദ്ധത തുടങ്ങി ഹിന്ദുത്വരാഷ്ട്രീയവും ചിലപ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസ് പോലും എടുത്തുപയോഗിക്കുന്ന രാഷ്ട്രീയാരോപണ ആയുധങ്ങളെ പല രീതിയില്‍ നേരിട്ടാണു ലീഗ് ഇത് സാധ്യമാക്കിയത്. സമുദായവും സമൂഹവും ആഗ്രഹിക്കുന്നത് അത്തരം നിലപാടുകളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."