റൈസിങ് കേരള അന്താരാഷ്ട്ര വ്യവസായ പ്രദര്‍ശനം ഡിസംബറില്‍
കോഴിക്കോട്: റൈസിങ് കേരള-2016ന്റെ ഭാഗമായ അന്താരാഷ്ട്ര വ്യവസായ പ്രദര്‍ശനം ഡിസംബര്‍ ഒന്‍പതു മുതല്‍ പതിനൊന്നുവരെ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടക്കും. സംസ്ഥാന വ്യവസായ വകുപ്പ്, കെ.എസ്.എസ്.ഐ.എ, സി.ഐ.എഫ്.ഐ, എഫ്.ഡി.ഡി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റൈസിങ് കേരള സംഘടിപ്പിക്കുന്നത്.
കെട്ടിട നിര്‍മാണ സാമഗ്രികളുടെയും മെഷിനറികളുടെയും അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ 320 സ്റ്റാളുകള്‍ ഉണ്ടാവും. ചെരുപ്പ്, ഭക്ഷണം, എന്‍ജിനീയറിങ്, പ്ലാസ്റ്റിക്, വുഡ്, കെട്ടിടം, ഐടി എന്നീ ഏഴു വിഭാഗങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കുക. നിലവിലുള്ള വ്യവസായത്തിന്റെ വളര്‍ച്ചയും പുതിയ സംരംഭകരുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുക എന്നതാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തും പ്രശസ്തരായ മെഷിനറി, മെറ്റീരിയല്‍ നിര്‍മാതാക്കള്‍ സംബന്ധിക്കും.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് ഗുജറാത്തിഹാളില് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഡിസംബര്‍ പത്തിനു ജോബ് ഫെസ്റ്റും 11ന് സമാപന സമ്മേളനവും നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെയര്മാന് എം. ഖാലിദ്, ചീഫ് കോഡിനേറ്റര്‍ സൈമണ്‍ സക്കറിയാസ്, പി.എം.എ ഗഫൂര്‍, വി.പി ഹരിദാസന്, സി.ഐ.എഫ്.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വി.കെ.സി റസാക്ക്, എ.വി.സുനില്നാഥ്, കെ.കെ സന്തോഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."