സ്പിന്നില്‍ വീണ് ഇംഗ്ലണ്ട്
വിശാഖപട്ടണം: സ്പിന്നര്‍മാരുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 246 റണ്‍സിന്റെ ഉജ്ജ്വല വിജയം. 405 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 158 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്തിയത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. അശ്വിന്‍- ജഡേജ- ജയന്ത് യാദവ് സ്പിന്‍ ത്രയം എട്ടു വിക്കറ്റുകള്‍ പങ്കിട്ടാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ മുഹമ്മദ് ഷമിയും സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത അശ്വിന് രണ്ടിന്നിങ്‌സിലുമായി എട്ടു വിക്കറ്റുകള്‍
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 455, രണ്ടാം ഇന്നിങ്‌സ് 204. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 255, രണ്ടാം ഇന്നിങ്‌സ് 158.
കരിയറിലെ 50ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ നായകന്‍ വിരാട് കോഹ്‌ലി ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി ടീമിനെ അക്ഷരാര്‍ഥത്തില്‍ മുന്നില്‍ നിന്നു നയിച്ച് അവിസ്മരണീയ വിജയമാണ് ടീമിനു സമ്മാനിച്ചത്. കോഹ്‌ലി തന്നെ കളിയിലെ കേമന്‍. ആദ്യ ഇന്നിങ്‌സില്‍ 35ഉം രണ്ടാമിന്നിങ്‌സില്‍ പുറത്താകാതെ 27ഉം റണ്‍സെടുത്ത് രണ്ടിന്നിങ്‌സിലുമായി നാലു വിക്കറ്റുകളും പിഴുത് ജയന്ത് യാദവ് അരങ്ങേറ്റ ടെസ്റ്റ് ഗംഭീരമാക്കി.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലീഷ് നിരയ്ക്ക് 37 ഓവറില്‍ 71 റണ്‍സ് കൂടിയേ ചേര്‍ക്കാന്‍ സാധിച്ചുള്ളു. 34 റണ്‍സോടെ പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ജോണി ബെയിര്‍സ്റ്റോ മാത്രമാണ് അവസാന ദിനം പൊരുതിയത്. അലിസ്റ്റര്‍ കുക്ക് (54), ഹമീദ് (25), ജോ റൂട്ട് (25) എന്നിവരും രണ്ടക്കം കണ്ടു. എഴു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. അവസാന ദിനത്തിന്റെ ആദ്യ സെഷനില്‍ 15 പന്തുകള്‍ ചെറുത്തു നിന്നു ബെന്‍ ഡക്കറ്റ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ഡക്കറ്റ് അശ്വിനു മുന്നില്‍ മുട്ടുമടക്കി. പിന്നാലെ വന്ന മൊയിന്‍ അലി രണ്ടു റണ്‍സിനും ബെന്‍ സ്റ്റോക്‌സ് ആറു റണ്‍സിനും പുറത്തായി. ഇംഗ്ലണ്ട് പ്രതീക്ഷയോടെ നോക്കിയത് ആദ്യ ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത റൂട്ട്, സ്റ്റോക്‌സ് എന്നിവരിലായിരുന്നു. എന്നാല്‍ റൂട്ട് 25 റണ്‍സുമായി മികവിലേക്ക് ഉയരുമെന്നു തോന്നിച്ചപ്പോള്‍ പേസര്‍ മുഹമ്മദ് ഷമി താരത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കി.
സ്റ്റോക്‌സിനെ ജയന്ത് യാദവ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് പരാജയം ഉറപ്പിച്ചു. ഒറ്റയാള്‍ പോരാട്ടം നടത്തി ബെയര്‍സ്റ്റോ നിന്നെങ്കിലും പിന്തുണയ്ക്കാനാളില്ലാതെ മടങ്ങേണ്ടി വന്നു. ലഞ്ചിനു പിന്നാലെ ബ്രൊഡിനേയും ആന്‍ഡേഴ്‌സനേയും തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി ജയന്ത് യാദവ് ഇംഗ്ലീഷ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. മൂന്നാം ടെസ്റ്റ് ഈ മാസം 26 മുതല്‍ 30 വരെ മൊഹാലിയില്‍ നടക്കും.
പരാജയമറിയാതെ
16ാം പോരാട്ടം
വിശാഖപട്ടണം: നാട്ടിലെ പുലികളെന്ന വിശേഷണം ഉറപ്പിക്കുന്നതാണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ കുതിപ്പ്. നാട്ടില്‍ പരാജയമറിയാതെ 16ാം ടെസ്റ്റാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ഇതില്‍ 13 വിജയങ്ങളും മൂന്നു സമനിലകളും ഉള്‍പ്പെടുന്നു. രണ്ടാമത്തെ വലിയ മുന്നേറ്റമാണിത്. അപരാജിതരായി 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതാണ് ഇന്ത്യയുടെ റെക്കോര്‍ഡ്. നാട്ടില്‍ ഇന്ത്യയെ അവസാനം കീഴടക്കിയതും ഇംഗ്ലണ്ടാണ്. 2012ല്‍ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2-1നു നേടിയിരുന്നു. പിന്നീട് നാട്ടില്‍ ഒരു ടെസ്റ്റിലും ഇന്ത്യ തോല്‍വി നേരിട്ടിട്ടില്ല. ആസ്‌ത്രേലിയ, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പര വിജയവും ഇക്കൂട്ടത്തില്‍ പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."