കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മുളകുപൊടി എറിഞ്ഞ് പണംതട്ടിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ഫാത്തിമാസില്‍ കെ.പി മജീഫ്(23), കുഞ്ഞിപ്പള്ളിയിലെ ലിജില്‍ നിവാസില്‍ ടി ലിജില്‍ (23) എന്നിവരെയാണ് റെയില്‍വേ പൊലിസ് മേധാവിയുടെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. സംഭവത്തില്‍ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലിസ് പറഞ്ഞു. 2015 മെയ് 26ന് വൈകുന്നേരം നാലോടെയാണ് കേസിനാസ്പദമായ സംഭവം.
കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയും ഡക്കാന്‍ പ്ലാസ്റ്റിക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവുമായ ജയതീര്‍ഥയാണ് കവര്‍ച്ചയ്ക്കിരയായത്. കണ്ണൂരിലും പരിസരപ്രദേശങ്ങളില്‍ നിന്നും ലഭിച്ച കലക്ഷന്‍ തുകയുമായി മംഗലാപുരത്തേക്ക് പോകാനായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ എന്‍ജിനോടു ചേര്‍ന്ന രണ്ടാം ജനറല്‍ കംപാര്‍ട്‌മെന്റില്‍ കയറിയ ഇയാളെ പിന്തുടര്‍ന്നെത്തിയ നാലംഗ കവര്‍ച്ചാ സംഘം മുളകുപൊടി എറിഞ്ഞ ശേഷം അടിച്ചു വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
കവര്‍ച്ചയ്ക്കു പിന്നില്‍ ഒന്നിലധികം പേരുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നെങ്കിലും മറ്റു തെളിവുകളൊന്നും പൊലിസിനു ലഭിച്ചില്ല. തുടര്‍ന്നാണ് റെയില്‍വേ പൊലിസ് മേധാവി വി.സി മോഹനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തത്. പ്രതികളെന്നു സംശയിക്കുന്നവരെ മാസങ്ങളായി അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
തുടര്‍ന്നാണ് 20ന് വൈകുന്നേരം അഞ്ചോടെ കണ്ണൂര്‍ സ്റ്റേഷനില്‍വച്ച് കോഴിക്കോട് റെയില്‍വേ സി.ഐ ബി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ഡി.വൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍, എസ്.ഐ ഷാജി പട്ടേരി, എ.എസ്.ഐമാരായ പ്രസന്നന്‍, ജോസഫ്, എസ്.സി.പി.ഒമാരായ ഹരീന്ദ്രന്‍, ഗോപിനാഥന്‍, സി.പി.ഒ ഷിബു എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."