പുറപ്പിള്ളിക്കാവ് റെഗുലേറ്ററില്‍ ഷട്ടറുകളുടെ നിര്‍മാണം പൂര്‍ത്തിയായി
നെടുമ്പാശ്ശേരി: ആഴ്ച്ചകളോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമമിട്ടു കൊണ്ട് പുറപ്പിള്ളിക്കാവ് റെഗുലേറ്ററില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അവസാനത്തെ ഷട്ടര്‍ സ്ഥാപിച്ചത്. ഈ ഷട്ടര്‍ ഉച്ചയ്ക്ക് സ്ഥാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനിടെ പാലത്തിനു മുകളില്‍ മറിഞ്ഞു വീണ ക്രെയിന്‍ പൊക്കി മാറ്റാന്‍ വൈകിയതാണ് പ്രവൃത്തികള്‍ താമസിക്കാന്‍ ഇടയാക്കിയത്.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വൈകീട്ട് നാല് മണിയോടെയാണ് ക്രെയില്‍ പൊക്കി മാറ്റാന്‍ കഴിഞ്ഞത്. ഇതിനു ശേഷം വൈകീട്ട് ആറ് മണിയോടെ വേലിയേറ്റം നിലച്ച സമയത്താണ് ഷട്ടര്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. ഒരു മണിക്കൂര്‍ സമയമെടുത്താണ് രാത്രി ഏഴ് മണിയോടെ ഷട്ടര്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന്റെ ഭാഗമായി പെരിയാറിലേക്ക് ഉപ്പ് കയറുന്നത് തടയുന്നതിനായി 24 ഷട്ടറുകളാണ് സ്ഥാച്ചിരിക്കുന്നത്.
ഇതില്‍ 21 ഷട്ടറുകള്‍ ഒരാഴ്ച്ച മുന്‍പ് തന്നെ സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള മൂന്നു ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പാലത്തിനു മുകളില്‍ ക്രെയിന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച്ച ഷട്ടര്‍ സ്ഥാപിക്കുന്ന നടപടികള്‍ തടസ്സപ്പെട്ടിരുന്നു. ഞായറാഴ്ച്ച രണ്ട് ക്രെയിനുകള്‍ എത്തിച്ച് പ്രവൃത്തികള്‍ പുനരാംരംഭിച്ചെങ്കിലും രണ്ട് ഷട്ടറുകള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.100 കോടി രൂപ ചിലവിലാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
കോട്ടപ്പുറം കായലില്‍ നിന്നും പുറപ്പിള്ളിക്കാവ് വഴി പെരിയാറിലേക്ക് അതിവേഗം ഉപ്പ് വെള്ളം കയറിക്കൊണ്ടിരുന്നതിനാല്‍ റെഗുലേറ്ററില്‍ ഷട്ടര്‍ സ്ഥാപിക്കുന്ന നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുകയായിരുന്നു. റെഗുലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചിട്ടില്ല. ഇതിനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ തുടങ്ങും. ജലനിരപ്പില്‍ നിന്നും ഏതാണ്ട് മൂന്നടിയോളം ഉയരത്തിലാണ് ഷട്ടര്‍ നിലയുറപ്പിച്ചിരിക്കുന്നത്. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് ഇനിയും 10 മാസം കൂടി ബാക്കിയുണ്ട്.ഇതിനിടെ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."