ചേരി നിര്‍മാര്‍ജനം; ബഹുനില മന്ദിരത്തിന്റെ പണികള്‍ ഉടന്‍ തുടങ്ങണമെന്ന് ഹൈക്കോടതി
കൊച്ചി: മട്ടാഞ്ചേരിയില്‍ ചേരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കേന്ദ്ര സഹായത്തോടെ നിര്‍മിക്കാനുദ്ദേശിച്ച ബഹുനില മന്ദിരത്തിന്റെ പണികള്‍ ഉടന്‍ തുടങ്ങണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി.
പാര്‍പ്പിടരഹിതര്‍ക്കും ചേരിനിവാസികള്‍ക്കും വേണ്ടിയുള്ള ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കൊച്ചി കോര്‍പ്പറേഷനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സണ്‍റൈസ് എന്ന സംഘടന നല്കിയ ഹരജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഇതിനായി സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലമായി നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ചേരി നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന രാജീവ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതിക്ക് 67.62 കോടി രൂപയുടെ അംഗീകാരം നല്‍കിയിരുന്നു.
ഇതില്‍ കേന്ദ്ര വിഹിതമായ 18 കോടി രൂപയില്‍ ഏഴു കോടിയോളം രൂപ കൊച്ചി കോര്‍പ്പറേഷനു നല്‍കുകയും ചെയ്തു.
കൊച്ചി കോര്പ്പറേഷന് ഇതില്‍ 37 ലക്ഷം രൂപ കണ്‍സള്‍ട്ടിംഗ് ഫീസിനത്തില്‍ ചെലവഴിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് ഹരജിയിലെ ആരോപണം.
2017 പദ്ധതിയുടെ കാലാവധി കഴിയുമെന്നതിനാല്‍ ഡിസംബറിനു ശേഷം ഈ പദ്ധതിയില്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."