തീറ്റപ്പുല്‍ സബ്‌സീഡി വര്‍ധിപ്പിക്കും: മന്ത്രി കെ.രാജു
കോട്ടയം: തീറ്റപുല്ലിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ക്ഷീര കര്‍ഷകര്‍ക്കുളള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് ക്ഷീര വികസനവനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഒരു ഹെക്ടറില്‍ പുല്‍ കൃഷി ചെയ്യുന്ന കര്‍ഷകന് വര്‍ഷം 20,000 രൂപ സബ്‌സീഡി നല്‍കും. കര്‍ഷകരുടെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന പുല്ല് വിലയ്‌ക്കെടുത്ത് ഫോഡര്‍ ബാങ്കുകളില്‍ സംഭരിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ഫീഡ്‌സിന്റെ ഉല്‍പാദന ക്ഷമത പരമാവധി വര്‍ദ്ധിപ്പിച്ച് ആവശ്യാനുസരണം കാലിത്തീറ്റ ലഭ്യമാക്കും. പാല്‍ ഉല്പാദന ശേഷി കൂടുതലുളള പശുക്കളുടെ ബ്രീഡ് വികസിപ്പിക്കുന്നതിന് കെ.എല്‍.ഡിയുമായി പദ്ധതി തയ്യാറാക്കും. എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പ്രീമിയം തുകയുടെ 75 ശതമാനം സബ്‌സിഡി നല്‍കും. ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലിന് മില്‍മ നല്‍കുന്ന വില വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിലെ ക്ഷീര മേഖലയുടെ നട്ടെല്ലായ ക്ഷീരകര്‍ഷകര്‍ക്ക് അദ്ധ്വാനത്തിന് അനുസരിച്ചുളള ആദായം ലഭിക്കുന്നതിന് നടപടി ഉണ്ടാകണം. ക്ഷീരോല്പാദന രംഗത്തുളള കര്‍ഷകരുടെ ആദായം മെച്ചപ്പെടുത്തി ഈ മേഖലയില്‍ നില്‍നിര്‍ത്തുന്നതിന് പാല്‍ വില ഉയര്‍ത്തണം. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്കുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പാലിന്റെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മലമറ്റം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ് ഈരാറ്റുപേട്ട് ക്ഷീര വികസന ഓഫിസര്‍ ജിസ ജോസഫ് സംസാരിച്ചു. ഉഴവൂര്‍ ബ്ലോക്കിലെ ക്ഷീര കര്‍ഷക സംഗമവും മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. രാമപുരം ചക്കാമ്പുഴ ക്ഷീരോല്പ്പാദക സഹകരണ സംഘം പരിസരത്ത് നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, ഇ.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ്ബ് റിപ്പോര്‍ട്ടവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."