സഹകരണ സമരം: കോണ്‍ഗ്രസിന് ആരുടേയും ഔദാര്യം വേണ്ടെന്ന് സുധീരന്‍
വടക്കാഞ്ചേരി (തൃശൂര്‍): സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരേ എല്‍.ഡി.എഫുമായി യോജിച്ച് സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് ആരുടെയും ഔദാര്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡി.സി.സി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരം നടത്തും. യു.ഡി.എഫിന് പുറത്തുള്ളവരുമായി ചേര്‍ന്നുള്ള സമരം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അജണ്ടയിലില്ല.
സഹകരണ മേഖലയില്‍ ജനങ്ങള്‍ വിലയ ദുരിതമാണ് അനുഭവിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കും. നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കുന്നതിനും ഡല്‍ഹിയില്‍ സര്‍വസംഘം പോകുന്നതിനും കോണ്‍ഗ്രസ് പിന്തുണ നല്‍കും.
ജനദ്രോഹത്തിന്റെ കാര്യത്തില്‍ ആര് ഒന്നാമതെത്തുമെന്നറിയാന്‍ മോദിയും പിണറായിയും മത്സരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ അധ്യക്ഷനായി. പത്മജ വേണുഗോപാല്‍, ടി.എന്‍ പ്രതാപന്‍, എം.പി. വിന്‍സന്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."