അസാധു നോട്ടുമായി നട്ടംതിരിഞ്ഞ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും
മംഗളൂരു: അസാധു നോട്ടുകളുമായി പുലിവാലു പിടിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര നിയമ മന്ത്രിയുമായ സദാനന്ദ ഗൗഡ. സ്വന്തം സഹോദരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ നല്‍കിയ അസാധു നോട്ടുകള്‍ ആശുപത്രി അധികൃതര്‍ വിലക്കിയതോടെയാണ് കേന്ദ്രമന്ത്രിയും നോട്ടില്‍ കുടുങ്ങിയത്.
നാളെ വരെ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കണമെന്നുള്ള ഉത്തരവ് നിലനില്‍ക്കെയാണ് ആശുപത്രി അധികൃതര്‍ നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. സദാനന്ദ ഗൗഡയുടെ സഹോദരന്‍ ഭാസ്‌കര്‍ ഗൗഡ(56) മംഗളുരു കെ.എം.സി ആശുപത്രിയില്‍ ഇന്നലെയാണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തി പണമടച്ച് സഹോദരന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ സദാനന്ദഗൗഡ നല്‍കിയ അസാധു നോട്ടുകള്‍ കേന്ദ്രമന്ത്രിയാണെന്നറിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ നിരസിക്കുകയായിരുന്നു.
പിന്നീട് ചെക്ക് നല്‍കിയെങ്കിലും ആശുപത്രി അധികൃതര്‍ അതും നിരസിച്ചു. എന്തുകൊണ്ടാണ് നോട്ടുകള്‍ സ്വീകരിക്കാത്തെന്നു മന്ത്രി വിശദീകരണം ചോദിച്ചു. ഒടുവില്‍ ഭീഷണിയായപ്പോള്‍ അധികൃതര്‍ ചെക്ക് വാങ്ങി തടിതപ്പി. ആശുപത്രിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. നോട്ട് നിരോധനത്തിനുശേഷം മംഗളൂരുവിലെ മിക്ക ആശുപത്രികളും പഴയ നോട്ട് സ്വീകരിക്കുന്നില്ല. ഇതിനെതിരേ പരക്കെ പരാതി ഉയര്‍ന്നിരുന്നു. സ്വന്തം നാട്ടുകാരനായ മന്ത്രിയെ അവഹേളിച്ചുവിട്ടതില്‍ ബി.ജെ.പി പ്രതിഷേധത്തിലാണ്. പരേതരായ രംഗപ്പ ഗൗഡയുടെയും കമലയുടെയും മകനാണ് ഭാസ്‌കര്‍ ഗൗഡ. സുള്ള്യ താലൂക്കിലെ ദേവരംഗുന്തിലാണ് താമസം.
ഭാര്യ: വീണ, മക്കള്‍: സാഗരിക, ആഷിഖ്, പ്രഥ്വിക്, സാഗരിക, മറ്റുസഹോദരങ്ങള്‍ : ഡി.വി ശിവരാമ, ഡി.വി സുരേഷ്, രത്‌നാവതി, പരേതയായ സാവിത്രി ശിവരാമ ഗൗഡ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."