കിനാനൂര്‍ കരിന്തളം മേഖലകളില്‍ വ്യാപക അക്രമം
നീലേശ്വരം: കിനാനൂര്‍ കരിന്തളം, നീലേശ്വരം മേഖലകളില്‍ വ്യാപക അക്രമം. നീലേശ്വരം ഏരിയ ബീഡി വര്‍ക്കേഴ്സ് യൂണിയന് ഓഫിസായ കൃഷ്ണപ്പിള്ള മന്ദിരത്തിനു നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. പൊലിസില്‍ പരാതി നല്കി. ചാത്തമത്ത് ആലയില്‍ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ യുവമോര്‍ച്ച നീലേശ്വരം മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ടി.ടി സാഗറിന്റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. സാഗറിന്റെ മാതാപിതാക്കള്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കും പരുക്കില്ല. അതേസമയം വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ബി.ജെ.പി കരിന്തളം ബൂത്ത് സെക്രട്ടറി പി.സി പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കഴിഞ്ഞ ദിവസം രാത്രി എടുത്തുകൊണ്ടുപോയി. പൊലിസില്‍ പരാതി നല്കി. പെരിയങ്ങാനത്തെ രാജീവ്ഭവനു നേരെയും കല്ലേറുണ്ടായി. ബൈക്കില്‍ വന്ന സംഘമാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. പൊലിസില്‍ പരാതി നല്കി. കിണാവൂരിലെ കുട്ടികൃഷ്ണന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."