അരുണിമയുടെ അപകട മരണം: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി
താമരശ്ശേരി: ഗവ. ഹയര്‍സെക്കന്‍ഡറി പ്ലസ് ടു വിദ്യാര്‍ഥി അരുണിമ സുരേഷ് (17) ബസുകള്‍ക്കിടയില്‍ കുടുങ്ങി ദാരുണമായി മരിച്ച സംഭവത്തിലെ പ്രതി കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ മുക്കം മാമ്പറ്റ കയ്യിട്ടാപൊയില്‍ നടുതൊടുകയില് ഷിബു(41) താമരശ്ശേരി കോടതിയില്‍ കീഴടങ്ങി. കോടതി ഇയാള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കഴിഞ്ഞ ഏഴിന് താമരശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലാണ് സംഭവം. സ്കൂളിലേക്കു പോകുകയായിരുന്ന അരുണിമയെ അമിത വേഗതയിലെത്തിയ കെ.എസ്.ആര്.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ബസ് തട്ടിത്തെറിപ്പിച്ചു. തുടര്‍ന്ന് മുന്നിലുള്ള സ്വകാര്യ ബസിന്റെ ഇടയില്കുടുങ്ങി തലക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
അരുണിമയുടെ മരണത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്കെതിരേ പൊലിസ് നരഹത്യക്ക് കേസ് എടുത്തിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. ബസ് ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭം നടത്തുകയും വിദ്യാര്‍ഥികള്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."