ശബരിമലക്ഷേത്രത്തിന്റെ പേര് മാറ്റം സര്‍ക്കാര്‍ വിശദീകരണം തേടി; ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ശ്രീ ധര്‍മശാസ്താ ക്ഷേത്രം എന്ന ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. കൂടാതെ സര്‍ക്കാരിനോട് ആലോചിക്കാതെ ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. പേര് മാറ്റിയതില്‍ ദേവസ്വം ബോര്‍ഡ് ഗുരുതരമായ നിയമ ലംഘനം നടത്തിയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിലുള്ള കേസ് അട്ടിമറിക്കാനാണ് കേസ് വാദിച്ചിരുന്ന മുന്‍ അഭിഭാഷകരുടെ നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് രഹസ്യ ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ദേവസ്വം സെക്രട്ടറി കെ.ആര് ജ്യോതിലാലിനോട് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ തന്നെ കടകംപള്ളി സുരേന്ദ്രന് ഫേസ് ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ദേവസ്വം മന്ത്രിയായ താന്‍ സംഭവം അറിഞ്ഞത് പത്രങ്ങളില്‍ നിന്നാണെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന് ഫേസ് ബുക്കില്‍ കുറിച്ചത്.
അതേ സമയം,സര്‍ക്കാരിനോട് ആലോചിക്കാതെ ബോര്‍ഡിന് പേര് മാറ്റത്തില്‍ തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഇന്നലെ നിലപാട് മാറ്റി. സര്‍ക്കാരിന് ഉത്തരവ് പിന്‍വലിക്കാനുള്ള അധികാരമുണ്ടെന്നായിരുന്നു പ്രയാര്‍ ഇന്നലെ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."