സദാനന്ദന്റെ കണ്ടുപിടുത്തം നെല്പാടം കാക്കും
പയ്യന്നൂര്‍: നെല്‍കൃഷിയില്‍ കര്‍ഷകരുടെ പ്രധാന വില്ലന്മാരാണ് കീടങ്ങള്‍. തണ്ടുതുരപ്പനും ഓല ചുരുട്ടിയും തുടങ്ങിയവയില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ചുരുങ്ങിയത് രണ്ടു തവണയെങ്കിലും കീടനാശിനി തളിക്കണം. വിസ്തൃതമായ പാടശേഖരത്തില്‍ കീടനാശിനിയല്ലാതെ മറ്റു മാര്‍ഗമില്ല.
എന്നാല്‍ കീടങ്ങളെ ഇല്ലാതാക്കാന്‍ പുതിയ കണ്ടുപിടുത്തവുമായി കര്‍ഷകര്‍ക്കു പ്രതീക്ഷയുമായി എത്തുകയാണ് യുവകര്ഷകന്. പിലാത്തറ അറത്തില്‍ കോട്ടക്കുന്നിലെ ടി.വി സദാനന്ദനാണ് മലിനീകരണം ഇല്ലാത്ത കണ്ടുപിടുത്തം നടത്തിയത്.
ഒന്നര മീറ്റര്‍ നീളത്തിലുള്ള പൈപ്പില്‍ ഘടിപ്പിച്ച ഫാനാണ് യന്ത്രത്തിലെ പ്രധാന ഭാഗം. ഫാനിന്റെ പുറകിലായി ചെറിയ സുഷിരമുള്ള വല. താഴെ ഭാഗത്തായി ഘടിപ്പിച്ച പ്രത്യേക ചക്രം തിരിച്ച് ഫാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
നെല്‍ ചെടികള്‍ക്കിടയില്‍ ഫാന്‍ കറങ്ങുമ്പോള്‍ ആകര്‍ഷിക്കപ്പെടുന്ന കീടങ്ങള്‍ പുറകിലെ വലയില്‍ വീഴും. ഇവയെ പിന്നീട് നശിപ്പിക്കാം.
ആദ്യകാലത്ത് കര്‍ഷകര്‍ മുറം ഉപയോഗിച്ച് വീശിയാണ് നെല്ലിലെ കീടങ്ങളെ അകറ്റിയിരുന്നത്. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ജനാര്ദനന് പുതിയ യന്ത്രം കണ്ടുപിടിച്ചത്. സ്വന്തമായുള്ള എട്ടു ഏക്കറോളം വരുന്ന പാടത്ത് കീടങ്ങളെ അകറ്റിയത് യന്ത്രം ഉപയോഗിച്ചാണ്. സമീപത്തെ പാടശേഖരങ്ങളിലെ കര്‍ഷകര്‍ യന്ത്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ സജീവമായ സദാനന്ദന് നേരത്തെ രണ്ടു കണ്ടുപിടുത്തങ്ങള്‍ നടത്തിയിരുന്നു. ട്രാക്ടറിനു പുറകില്‍ പാടം നിരപ്പാക്കുന്നതിനായി പലക ഘടിപ്പിച്ച രീതിയും തൈകള്‍ ഒരുക്കുന്ന കൂടകളില്‍ മണ്ണ് നിറക്കുന്നതിനുള്ള യന്ത്രവും ഇവയില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."