ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ടെസ്റ്റ് ഗംഭീര്‍ പുറത്ത്; ഭുവനേശ്വര്‍ ടീമില്‍
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്നു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലുണ്ടായിരുന്ന വെറ്ററന്‍ താരം ഗൗതം ഗംഭീറിനെ ഒഴിവാക്കിയതും പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയതുമാണ് ഏക മാറ്റം. മോശം ഫോമാണ് ഗംഭീറിനു വിനയായത്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയതിനെ തുടര്‍ന്നു ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലേക്കുള്ള ടീമില്‍ ഗംഭീറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഫോമിലെത്താതിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ കെ.എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി ഗംഭീറിനെ പുറത്തിരുത്തിയിരുന്നു. രാഹുല്‍ രണ്ടാം ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കിലും ഗംഭീറിനെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നിന്നു പുറത്തു നിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രാഹുല്‍ ടീമില്‍ തുടരും.
പരുക്കില്‍ നിന്നു മുക്തനായി ആഭ്യന്തര ക്രിക്കറ്റില്‍ ശാരീരിക ക്ഷമത തെളിയിച്ചതിനെ തുടര്‍ന്നാണ് ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാം ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും അമിത് മിശ്രയെ നാലാം സ്പിന്നറായി ടീമില്‍ നിലനിര്‍ത്തി. മിശ്രയ്ക്കു പകരം രണ്ടാം ടെസ്റ്റില്‍ അരങ്ങേറിയ ജയന്ത് യാദവ് നാലു വിക്കറ്റുകള്‍ വീഴ്ത്തുകയും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുക്കുകയും ചെയ്ത് അവസരം മുതലെടുത്തിരുന്നു.
അതേസമയം കരുണ്‍ നായര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഇതേവരെ അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല. മൊഹാലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇംഗ്ലണ്ടിനെതിരായ ശേഷിച്ച മൂന്നു ടെസ്റ്റുകള്‍ നടക്കുന്നത്.
ടീം: വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, കെ.എല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, അമിത് മിശ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, കരുണ്‍ നായര്‍, ഹാര്‍ദിക് പാണ്ഡ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."