നോട്ട് നിരോധനം: പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ എം.പിമാരുടെ മനുഷ്യച്ചങ്ങല
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശദീകരണവും സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണവും ആവശ്യപ്പെട്ട് എന്‍.ഡി.എയിതര എം.പിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ മനുഷ്യചങ്ങല തീര്‍ത്തു. പ്രതിപക്ഷത്തു നിന്ന് 200ലധികം എം.പിമാരാണ് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഒറ്റവരിയായി പ്രതിഷേധ ചങ്ങല തീര്‍ത്തത്.
പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും പ്രതിപക്ഷസമരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യാറുള്ള തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെയും ഇന്നലെ പ്രതിപക്ഷ നിരയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ജെ.ഡി.യു, മുസ്്‌ലിംലീഗ്, എന്‍.സി.പി, ഡി.എം.കെ എം.പിമാര്‍ പ്രതിഷേധ വരിയില്‍ അണിനിരന്നു. നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മറുപടി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച പ്രതിപക്ഷം, ഈ വിഷയത്തില്‍ തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു.
വിഷയത്തില്‍ എല്ലാ ജനങ്ങളുടെയും അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നോട്ട് വിഷയം വോട്ടെടുപ്പോടു കൂടിയ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്ന ആവശ്യങ്ങളാണ് പ്രതിപക്ഷത്തിനുളളത്.
രാജ്യം വരിനില്‍ക്കുന്നതു പോലെ തങ്ങളും ഒറ്റവരിയില്‍ നിന്നു പ്രതിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യാതൊരു ആസൂത്രണവുമില്ലാതെയും ആരുമായും കൂടിയാലോചിക്കാതെയും ഇത്ര പ്രധാനമായൊരു ധനകാര്യ പരീക്ഷണത്തിന് പ്രധാനമന്ത്രി എന്തിനാണ് തയാറായതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി പാര്‍ലമെന്റിലെത്താന്‍ മടിക്കുന്നതിനെയും ചോദ്യംചെയ്ത രാഹുല്‍, നോട്ട് പിന്‍വലിക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും അതിനാലാണ് ജെ.പി.സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം തേടണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരാന്‍ മടിക്കുന്നതെന്തിനാണെന്നും ഈ നപടി പാര്‍ലമെന്റിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മായാവതി ആരോപിച്ചു.
നോട്ട് അസാധുവാക്കിയെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി വിഷയം ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ നേതാവ് ഡി. രാജ ആവശ്യപ്പെട്ടു. മമതാ ബാനര്‍ജിയുടെ നേതൃത്യത്തില്‍ പാര്‍ലമെന്റിനു പുറത്തു പ്രത്യേക പ്രതിഷേധവും തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."