ഡോര്‍ട്മുണ്ടില്‍ ഗോള്‍ മഴ
മ്യൂണിക്ക്: ഡോര്‍ട്മുണ്ടിലെ സിഗ്നല്‍ ഇഡുന പാര്‍കിലെ പുല്‍ത്തകടിയില്‍ ഗോള്‍ മഴ പെയ്തിറങ്ങി. യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ ബൊറൂസിയ ഡോര്‍ട്മുണ്ട് നാലിനെതിരേ എട്ടു ഗോളുകള്‍ക്ക് ലെഗിയ വാര്‍സവയെ കുളിപ്പിച്ചു.
മറ്റു മത്സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് 2-1നു സ്‌പോര്‍ടിങിനേയും യുവന്റസ് 3-1നു സെവിയ്യയേയും ലെയ്സ്റ്റര്‍ സിറ്റി 2-1നു ക്ലബ് ബ്രുഗ്ഗയേയും ഒളിംപിക് ലിയോണ്‍ 1-0ത്തിനു ഡൈനാമോ സഗ്രെബിനേയും പരാജയപ്പെടുത്തി. ടോട്ടനത്തെ 1-2നു മൊണാക്കോ വീഴ്ത്തിയപ്പോള്‍ പോര്‍ടോ- കൊബന്‍ഹവന്‍ പോരാട്ടം ഗോള്‍രഹിത സമനില. ബയര്‍ലെവര്‍കൂസന്‍- സി.എസ്.കെ.എ മോസ്‌കോ മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞു. മൊണാക്കോയോടു തോല്‍വി വഴങ്ങിയ ടോട്ടനം ഹോട്‌സ്പര്‍ ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ടിലെത്താതെ പുറത്തായി.
കൊണ്ടും കൊടുത്തും ബൊറൂസിയയും ലെഗിയയും കളം നിറഞ്ഞപ്പോള്‍ പിറന്നത് 12 ഗോളുകള്‍. ചാംപ്യന്‍സ് ലീഗിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന പോരാട്ടമെന്ന റെക്കോര്‍ഡും ഈ മത്സരം സ്വന്തമാക്കി. 2003ലെ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ മൊണാക്കോ- ഡിപോര്‍ടീവോ ലാ കൊരുണക്കെതിരേ നേടിയ 8-3ന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. പരുക്കില്‍ നിന്നു മോചിതനായി തിരിച്ചെത്തിയ നായകന്‍ മാര്‍ക്കോ റൂസ് ഹാട്രിക്ക് ഗോളുകളുമായി തിരിച്ചുവരവ് ഗംഭീരമാക്കിയപ്പോള്‍ ഒരു മിനുട്ടിനിടെ രണ്ടു ഗോളുകള്‍ വലയിലെത്തിച്ച് ഷിന്‍ജി കഗാവയും കളം നിറഞ്ഞു. ശേഷിച്ച ഗോളുകള്‍ സഹിന്‍, ഡെംപെലെ, അസ്സ്‌ലക്ക് എന്നിവര്‍ വലയിലാക്കി. 10ാം മിനുട്ടില്‍ പ്രിജോവിചിലൂടെ ലെഗിയ മുന്‍തൂക്കം നേടിയപ്പോള്‍ 17, 18 മിനുട്ടുകളില്‍ കഗാവയിലൂടെ ബൊറൂസിയ ലീഡെടുത്തു. എന്നാല്‍ 24ാം മിനുട്ടില്‍ പ്രിജോവിച് വീണ്ടും ലെഗിയയെ ഒപ്പമെത്തിച്ചു. പിന്നീട് 20ാം മിനുട്ടില്‍ സഹിന്‍, 29ാം മിനുട്ടില്‍ ഡെംപെലെ, 32ാം മിനുട്ടില്‍ റൂസ് എന്നിവര്‍ തുടരെ വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ ബൊറൂസിയ 5-2ന്റെ ലീഡെടുത്തു. രണ്ടാം പകുതിയുടെ 52ാം മിനുട്ടില്‍ റൂസ് തന്റെ രണ്ടാം ഗോളിലൂടെ ബൊറൂസിയയുടെ സ്‌കോര്‍ ആറാക്കി ഉയര്‍ത്തി. 57ാം മിനുട്ടില്‍ കുജര്‍സിക്ക് ലെഗിയയുടെ ഭാരം മൂന്നാം ഗോള്‍ നേടി കുറച്ചു.
81ാം മിനുട്ടില്‍ അസ്സ്‌ലക്ക് ബൊറൂസിയയുടെ ഏഴാം ഗോളിനുടമയായി. 83ല്‍ നികോലിചിലൂടെ ലെഗിയ നാലാം ഗോള്‍ വലയിലാക്കി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ റൂസ് തന്റെ ഹാട്രിക്ക് കുറിച്ച് ബൊറൂസിയയുടെ ഗോള്‍ നേട്ടം എട്ടിലെത്തിച്ചു. ജയത്തോടെ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കാനും ബൊറൂസിയക്കായി.
കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കരിം ബെന്‍സമ നേടിയ ഗോളിലാണ് റയല്‍ മാഡ്രിഡ്- സ്‌പോര്‍ടിങിനോടു വിജയം പിടിച്ചു വാങ്ങിയത്. കളിയുടെ 29ാം മിനുട്ടില്‍ റാഫേല്‍ വരാനെയിലൂടെ റയല്‍ ലീഡെടുത്തെങ്കിലും 80ാം മിനുട്ടില്‍ സ്‌പോര്‍ടിങ് സമനില പിടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് 87ാം മിനുട്ടില്‍ ബെന്‍സമയുടെ നിര്‍ണായക ഗോള്‍.
കളി തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ മുന്നില്‍ കടന്ന സെവിയ്യയെ 45ാം മിനുട്ടില്‍ മര്‍ച്ചീസിയോ, 84ാം മിനുട്ടില്‍ ബൊനൂസി, 90ാം മിനുട്ടില്‍ മരിയോ മാന്‍ഡ്‌സുകിച് എന്നിവര്‍ നേടിയ ഗോളിലാണ് യുവന്റസ് തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."