കരിമണല്‍ ഖനനം: യു.ഡി.എഫ് നിലപാട് ഇരട്ടത്താപ്പെന്ന് മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ്
ആലപ്പുഴ : യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഫിഷറീസ് വകുപ്പ് തീരുമാനപ്രകാരം 2014 മെയ് മാസത്തില്‍ തോട്ടപ്പള്ളി തുറമുഖത്ത് 46000 ക്യുബിക് മീറ്റര്‍ അളവ് മണ്ണ് എടുക്കുന്നതിന് വേണ്ടി പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ നിര്‍ദേശിച്ച അളവിലുള്ള മണ്ണ് എടുത്തശേഷം വീണ്ടും 72000 ക്യുബിക് മീറ്റര്‍ മണ്ണുകൂടി എടുക്കാനുള്ള അനുമതി യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നതായി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.ഇപ്പോള്‍ ഖനന മേഖല സന്ദര്‍ശിച്ച് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പിന്റെ ഭാഗമാണ്. എന്നാല്‍ ഫിഷറീസ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥലം എം.പി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ,പഞ്ചായത്ത് പ്രസിഡന്റ്, അനുകൂലിക്കുന്ന മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് യു.ഡി.എഫ് മലക്കംമറിഞ്ഞത്. ഖനനത്തിനായി അനുമതി നല്‍കുകയും പിന്നീട് രംഗം വഷളാക്കുകയും ചെയ്യുന്നത് ജനങ്ങള്‍ തിരിച്ചറിയും. മണലെടുപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നടന്നുക്കൊണ്ടിരിക്കുന്ന കേസില്‍ ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് കക്ഷി ചേരുമെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എം.കെ സുകുമാരന്‍, ജോസ് കുളങ്ങര, ടി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."