വിദ്യാര്‍ഥികള്‍ക്ക് നഗ്നഫോട്ടോ അയച്ച അധ്യാപകന്‍ പിടിയില്‍
തിരൂര്‍: വാട്‌സ്ആപ്പിലൂടെ നഗ്‌നഫോട്ടോ വിദ്യാര്‍ഥികള്‍ക്ക് അയച്ച അധ്യാപകന്‍ പൊലിസ് കസ്റ്റഡിയില്‍. കൂട്ടായി എം.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി (38) നെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികള്‍ക്കു ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പാഠഭാഗങ്ങളിലെ സംശയങ്ങള്‍ തീര്‍ക്കാനെന്ന പേരില്‍ അധ്യാപകന്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. സംശയം തോന്നിയ പെണ്‍കുട്ടികള്‍ ക്ലാസിലെ ആണ്‍കുട്ടികളോട് വിവരം പറയുകയും ഇവരുടെ നമ്പര്‍ അധ്യാപകനു കൈമാറുകയുമായിരുന്നു. ഗ്രൂപ്പില്‍ അശ്ലീല ചുവയുള്ള മെസേജുകളായിരുന്നു അധ്യാപകന്‍ അയച്ചിരുന്നത്.
ഇതിനിടെ പെണ്‍കുട്ടികളുടെ നമ്പറെന്നു കരുതി സ്വന്തം നഗ്‌നഫോട്ടോകള്‍ മറ്റു രണ്ടു നമ്പറുകളിലേക്ക് അയക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ രാജേഷ് കുമാറിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്‌കൂളിലെത്തിയിരുന്നു. സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ നിലനിന്നതോടെ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."