കൗണ്‍സിലിനിടെ വാഗ്വാദവും പോര്‍വിളിയും
ഷൊര്‍ണൂര്‍: നഗരസഭാ കൗണ്‍സിലിനിടെ ഭരണകക്ഷിയംഗങ്ങള്‍ തമ്മില്‍ വാഗ്വാദവും പോര്‍വിളിയും. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അജണ്ടകള്‍ പാസാക്കാതെ കൗണ്‍സില്‍ യോഗം പിരിച്ചു വിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും പൈപ്പ് ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി കൗണ്‍സിലര്‍മാരെ അറിയിക്കാതെ യോഗം വിളിച്ചു കൂട്ടിയെന്നാപിച്ച് വൈസ് ചെയര്‍മാന്‍ ആര്‍ സുനു രംഗത്തു വരികയായിരുന്നു. യോഗം ചേര്‍ന്നത് ആരോട് ചോദിച്ചിട്ടാണെന്നും മറ്റ് കൗണ്‍സിലര്‍മാരെ അറിയിക്കാത്തതെന്തുകൊണ്ടാണെന്നും നഗരസഭാ സെക്രട്ടറിയോട്് വൈസ് ചെയര്‍മാന്‍ ചോദിച്ചു. സെക്രട്ടറി ഇതിന് മറുപടി പറയാതെ ഹാളിന് പുറത്തേക്ക് പോകാനാവില്ലെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ താന്‍ പറഞ്ഞിട്ടാണ് സെക്രട്ടറി യോഗം വിളിച്ചു ചേര്‍ത്തതെന്നും നിശ്ചയിച്ച ദിവസം തനിക്കും സെക്രട്ടറിക്കും സൗകര്യപ്പെടാത്തതിനാല്‍ യോഗം നടന്നില്ലെന്നുമായിരുന്നു ചെയര്‍പേഴ്‌സണ്‍ വി വിമലയുടെ മറുപടി. ഇതോടെ ചെയര്‍പെഴ്‌സണും വൈസ് ചെയര്‍മാനും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. നെറികെട്ട ഭരണമാണ് നഗരസഭയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും വൈസ് ചെയര്‍മാന്‍ തുറന്നടിച്ചു. തങ്ങളാരെയും ഈ യോഗം അറിയിച്ചില്ലെന്നാരോപിച്ച് മറ്റു പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ കൗണ്‍സില്‍ ബഹളമയമായി മാറി.
നഗരസഭ സി.പി.എമ്മിന്റെ ചേരിപ്പോരിനും തമ്മിത്തല്ലിനും വേദിയാക്കുകയാണെന്നും അതിനാല്‍ തങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയാണെന്നുമറിയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് വി.കെ ശ്രീകണ്ഠനും കോണ്‍ഗ്രസ് അംഗങ്ങളും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. പിന്നാലെ ബി.ജെ.പി അംഗങ്ങളും എസ്.ഡി.പി.ഐ കൗണ്‍സിലര്‍ ടി.എം മുസ്തഫയും കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. കൗണ്‍സിലര്‍മാരെ അറിയിക്കാതെ ഭരണകക്ഷിയില്‍പ്പെട്ട ചില ആളുകള്‍ക്ക് മാത്രം നഗരത്തിലെ വാട്ടര്‍പൈപ്പ്‌ലൈന്‍, സ്ട്രീറ്റ് ലൈന്‍ എന്നിവയുടെ കരാര്‍ ജോലികള്‍ സ്ഥിരമായി നല്‍കി വരുന്നതായി കൗണ്‍സിലര്‍ ടി.എം മുസ്തഫ കുറ്റപ്പെടുത്തി. കൗണ്‍സിലര്‍മാര്‍ അറിയാതെ തന്നെ പല ക്ഷേമപദ്ധതികളുടേയും മറ്റും ഫോമുകള്‍ അവരുടെ വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ നിന്നും അംഗങ്ങളില്‍ ഭൂരിഭാഗവും ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് അജണ്ടകള്‍ പൂര്‍ത്തിയാക്കാതെ യോഗം പിരിച്ചു വിട്ടതായി ചെയര്‍പെഴ്‌സണ്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."