നോട്ട്‌നിരോധനം: നാലു ലക്ഷം തൊഴില്‍ നഷ്ടമാവും
ന്യൂഡല്‍ഹി: നോട്ട്‌നിരോധനത്തെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം നാലു ലക്ഷത്തോളം തൊഴില്‍ നഷ്ടമാവും. ടെക്സ്റ്റയ്ല്‍സ്, ഗാര്‍മെന്‍സ്, തുകല്‍, ആഭരണം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരെയാണ് ഇതു കാര്യമായി ബാധിക്കുക. തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും താല്‍ക്കാലിക ജീവനക്കാരോ ദിവസവേതനക്കാരോ ആണ്. നിരവധി പേര്‍ക്ക് താല്‍ക്കാലികമായും ജോലി നഷ്ടപ്പെടും. നിലവില്‍ കമ്പനികള്‍ ശമ്പളം നല്‍കാത്തത് മൂലം നിരവധി പേര്‍ക്ക് തൊഴില്‍നഷ്ടമുണ്ടായിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ പല കമ്പനികളുടേയും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വരും. തൊഴില്‍ രംഗത്തെ ഇത്തരം സാഹചര്യങ്ങള്‍ എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ കേന്ദ്രവാണിജ്യമന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ച് വിശദീകരിച്ചു കൊടുത്തു.
പണമില്ലാത്തതിനാല്‍ പല ഫാക്ടറികളും നിര്‍മാണം പകുതിയായി കുറച്ചു. കമ്പനികളുടെ നിലവിലുള്ള പിന്‍വലിക്കല്‍ പരിധിയായ ആഴ്ചയില്‍ 50,000 എന്നത് 10 ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്നും കൂടിക്കാഴ്ചയ്ക്കിടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ടെക്സ്റ്റയ്ല്‍സ്, ഗാര്‍മെന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന രാജ്യത്തെ 32 ദശലക്ഷം പേരില്‍ അഞ്ചിലൊന്ന് പേര്‍ ദിവസവേതനക്കാരോ ആഴ്ച വേതനക്കാരോ ആണ്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പോലുള്ള ടെക്സ്റ്റയ്ല്‍ ഹബ്ബുകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടില്ല. ഇതില്‍ 70 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."