സ്റ്റീവന്‍ ജെറാര്‍ഡ് വിരമിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിന്റേയും ലിവര്‍പൂളിന്റേയും ഇതിഹാസ നായകനായിരുന്ന സ്റ്റീവന്‍ ജെറാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. കളിക്കാരനെന്ന നിലയില്‍ 19 വര്‍ഷം നീണ്ട ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്നാണ് 36കാരനായ താരം ഹംസഗാനം ചൊല്ലുന്നത്. ഒന്നര വര്‍ഷമായി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ടീം ലാ ഗാലക്‌സിയുടെ താരമായ ജെറാര്‍ഡ് കഴിഞ്ഞ ദിവസം ലാ ഗാലക്‌സിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. താരത്തെ ടീമിലെത്തിക്കാന്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ഇംഗ്ലീഷ് നായകന്റെ വിരമിക്കല്‍ പ്രഖ്യാപനം.
1998ല്‍ 17ാം വയസില്‍ ലിവര്‍പൂളിനായി പന്തു തട്ടി തുടങ്ങിയ ജെറാര്‍ഡ് 2000ത്തില്‍ ഇംഗ്ലണ്ടിനായി അരങ്ങേറി. പതിനാലു വര്‍ഷം ദേശീയ ടീമിനായി കളിച്ച താരം 114 മത്സരങ്ങളില്‍ നിന്നായി 21 ഗോളുകള്‍ നേടി. 2014ല്‍ ദേശീയ ടീമിനോടു വിടപറഞ്ഞു. 17 വര്‍ഷം ലിവര്‍പൂളിനായി കളിച്ച ജെറാര്‍ഡ് 710 മത്സരങ്ങളില്‍ നിന്നായി 186 ഗോളുകള്‍ നേടി. ലിവര്‍പൂളിന്റെ ഇതിഹാസ താരമായ അദ്ദേഹം ക്ലബിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ഒപ്പം നിന്നു. 2015ല്‍ ലാ ഗാലക്‌സിയില്‍ ചേര്‍ന്ന ജെറാര്‍ഡ് 38 മത്സരങ്ങളില്‍ നിന്നു അഞ്ചു ഗോളുകള്‍ സ്വന്തമാക്കി. 2005ലെ ചാംപ്യന്‍സ് ലീഗ് കിരീടമടക്കം എട്ടുമേജര്‍ കിരീടങ്ങള്‍ ലിവര്‍പൂളിനൊപ്പം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ പീറ്റര്‍ ഷില്‍ട്ടന്‍, ഡേവിഡ് ബെക്കാം, വെയ്ന്‍ റൂണി എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്ത് ജെറാര്‍ഡുണ്ട്. 2010, 14 ലോകകപ്പുകളിലും 2012ലെ യൂറോ കപ്പിലും ഇംഗ്ലീഷ് ടീമിനെ നയിച്ചത് ജെറാര്‍ഡായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം കൈയിലേന്താനുള്ള ഭാഗ്യം മാത്രം അദ്ദേഹത്തിനു ലഭിച്ചില്ല. രണ്ട് എഫ്.എ കപ്പ്, മൂന്നു ലീഗ് കപ്പ്, യുവേഫ, യുവേഫ സൂപ്പര്‍ കപ്പുകള്‍, ചാംപ്യന്‍സ് ലീഗ് എന്നിവയാണ് കിരീട നേട്ടങ്ങള്‍. 2005ല്‍ എ.സി മിലാനോടു 3-0ത്തിനു പിന്നില്‍ നിന്ന ശേഷം ജെറാര്‍ഡിലെ നായകന്റെ പ്രചോദനത്തിലൂടെ തിരിച്ചടിച്ചാണ് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. 2001ല്‍ പി.എഫ്.എയുടെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം, 2005ല്‍ യുവേഫയുടെ മികച്ച ക്ലബ് ഫുട്‌ബോളര്‍ പുരസ്‌കാരം, 2006ല്‍ പി.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം, 2009ല്‍ ഫുട്‌ബോള്‍ എഴുത്തുകാരുടെ സംഘടയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം എന്നിവ ജെറാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."