52 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് വിരാമം; കൊളംബിയയില്‍ പുതിയ സമാധാന ഉടമ്പടി
കൊളംബിയ: 52 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് വിരാമമിട്ട് കൊളംബിയയില്‍ ഇന്നു മുതല്‍ പുതിയ സമാധാന ഉടമ്പടി. ആദ്യം ഒപ്പുവച്ച സമാധാനകരാര്‍ ഒക്ടോബര്‍ രണ്ടിലെ ഹിതപരിശോധനയില്‍ തള്ളിപ്പോയതിനെ തുടര്‍ന്നാണ് പുതിയ കരാര്‍ നിലവില്‍വന്നത്.
പഴയ കരാറില്‍ 50 മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തന്നെ ഇരുഭാഗത്തെയും പ്രതിനിധികള്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരുന്നു. റെവല്യൂഷനറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ (ഫാര്‍ക്) എന്ന വിമതരും സര്‍ക്കാരുമാണ് കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഫാര്‍ക് നേതാവ് ടിമോലിയോണ്‍ ജിമെനസും കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മനുവല്‍ സന്റോസുമാണ് കരാറില്‍ ഒപ്പുവയ്ക്കുക. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കഴിഞ്ഞ മാസം നോബല്‍ സമ്മാനം കരസ്ഥമാക്കിയയാളാണ് പ്രസിഡന്റ് സാന്റോസ്. ഇത്തവണയും ഹിതപരിശോധനയില്‍ കരാര്‍ തള്ളിപ്പോകാതിരിക്കാന്‍ ജനപ്രതിനിധി സഭയിലൂടെ പുതിയ കരാറിന് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ ശ്രമം.
2,50,000 പേരുടെ ജീവനാണ് ഇതുവരെ സര്‍ക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘ ര്‍ഷത്തില്‍ നഷ്ടപ്പെട്ടത്. വിമതരുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും കരാറില്‍ ഒപ്പുവയ്ക്കാതിരുന്നാല്‍ പ്രക്ഷോഭകാരികള്‍ വീണ്ടും അക്രമാസക്തരായേക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. എന്നാല്‍, വിമതര്‍ക്ക് അവര്‍ അര്‍ഹിക്കാത്ത തരത്തിലുള്ള ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."