ഉള്ള് നീറുമ്പോഴും സൗഹാര്‍ദം കൈവിടാതെ കൊടിഞ്ഞി
തിരൂരങ്ങാടി: വൈകിട്ട് അങ്ങാടിയിലേക്കൊന്നു പോകണം, ഒരുമിച്ചിരുന്നു ചായ കുടിക്കണം, കുറേനേരം വട്ടംപറഞ്ഞിരിക്കണം- അവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വിഭാഗീയതയില്ല. അവരവരുടേതായ മതവും രാഷ്ട്രീയവുമൊക്കെയുണ്ടെങ്കിലും കൊടിഞ്ഞിക്കാര്‍ എന്നും ഒന്നാണ്.
ഫൈസലിന്റെ വധത്തിനു മുന്‍പും ശേഷവും ഇതുതന്നെയാണവസ്ഥ. എന്നാല്‍, എല്ലാവരിലും ഒരു നീറ്റലുണ്ട്. പുല്ലാണി ഫൈസല്‍ എന്ന നൊമ്പരം. കൊടിഞ്ഞിയുടെ മാറില്‍ വര്‍ഗീയശക്തികള്‍ ഒളിഞ്ഞിരുന്ന് ആഞ്ഞുകുത്തിയ മുറിവാണത്. മതമൈത്രിയില്‍ പേരുകേട്ട പ്രദേശമാണ് കൊടിഞ്ഞി. മമ്പുറം സയ്യിദ് അലവി തങ്ങള്‍ മല്‍കിയ വരം. അതു പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടത്തെ നാട്ടുകാര്‍.
ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പു മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ച കൊടിഞ്ഞി പഴയ ജുമാമസ്ജിദാണ് ഇവിടത്തെ നന്മ. കടുവാളൂര്‍, മച്ചിങ്ങാത്താഴം, പനക്കത്താഴം, തിരുത്തി, ചെറുപ്പാറ, പയ്യോളി, അല്‍അമീന്‍ നഗര്‍, കോറ്റത്ത്, കുറൂല്‍, കാളംതിരുത്തി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊടിഞ്ഞിയുടെ മധ്യത്തിലാണ് പള്ളി. പള്ളിയുടെ സ്ഥാനം കണ്ടെത്തിയ തൊട്ടടുത്ത പ്രദേശത്തെ ഹൈന്ദവ കുടുംബത്തിനും തങ്ങള്‍ ഒരു വരംനല്‍കി. അവരാണ് പില്‍ക്കാലത്ത് അറിയപ്പെടുന്ന സ്ഥാനക്കാരായി മാറിയത്.
വിവിധ ആശയാദര്‍ശങ്ങളില്‍ ജീവിക്കുന്നവരെങ്കിലും പള്ളിയിലെ തീരുമാനമാണ് കൊടിഞ്ഞിയുടെ അവസാന വാക്ക്.
പള്ളിയുടെ നിര്‍മാണത്തിനായി മറ്റു പ്രദേശങ്ങളില്‍നിന്നു മമ്പുറം തങ്ങള്‍ കൊണ്ടുവന്ന ആശാരി, കുറുപ്പ്, കൊല്ലന്‍, വണ്ണാന്‍ എന്നിവര്‍ പില്‍ക്കാലത്തു കൊടിഞ്ഞിയുടെ ഭാഗമായി മാറി. കൊടിഞ്ഞിയില്‍തന്നെ സ്ഥലംനല്‍കി തങ്ങള്‍ ഇവരെ കുടിയിരുത്തി. കൊടിഞ്ഞിപ്പള്ളിയില്‍ ഇവര്‍ക്കു ചില അവകാശങ്ങളും നല്‍കി.
ഇവരുടെ പിന്മുറക്കാരാണ് കൊടിഞ്ഞിയിലെ ഭൂരിഭാഗം ഹൈന്ദവരും. ഇതിനുമുന്‍പും ഇവരില്‍ പലരും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഒരുതുള്ളി ചോര പൊടിഞ്ഞില്ല. ഇന്നും കൊടിഞ്ഞി ശാന്തമാണ്. ഫൈസലിന്റെ കൊലയുടെ പേരില്‍ ഒരുതുള്ളി രക്തം കൊടിഞ്ഞിയില്‍ പൊടിയില്ലെന്നുതന്നെയാണ് നാട്ടുകാരുടെ ഉറച്ചതീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."