ഗുരുവിന്റെ പേരില്‍ ജാതി ചിന്തകള്‍ക്കായി പോരാട്ടം നടക്കുന്നു: എം.കെ മുനീര്‍
കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ തന്നെ ജാതി ചിന്തകള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുന്ന കാലഘട്ടമാണിതെന്ന് ഡോ. എം.കെ മുനീര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്‌കാരിക വകുപ്പും ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമാണ് ജാതിയെന്നും ഇത്തരം ചിന്തകളെ ചര്‍ച്ച ചെയ്യരുതെന്നും പറഞ്ഞ ഗുരുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ഇതു മറന്നു പോയെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടിനിപ്പുറവും ജാതി-ഉപജാതി വൈരവും അമര്‍ഷവും രാജ്യത്ത് നിലനില്‍ക്കുകയാണ്. ജാതിയുടെയും മതതിന്റെയും അടിസ്ഥാനഭാവം അനുകമ്പയാണെന്നും ഇത് ഓരോ മതത്തിനും അവകാശപ്പെട്ടതണെന്നും മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഗുരുവചനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ടി.വി ബാലന്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ. കെ.എന്‍ ഗണേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍, കെ. ദാമോദരന്‍, കെ. ചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. ഡോ. ഭവ്യലക്ഷ്മി സജി ദൈവദശകം ആലാപനം നടത്തി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച വിളംബര ഘോഷയാത്രയില്‍ വിവിധ കലാകാരന്മാരും നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ഗുരുദേവ കൃതിയായ 'കാളിനാടകം' ആസ്പദമാക്കി വിനീത നെടുങ്ങാടിയുടെ മോഹിനായട്ടവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."