രസ്‌നയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ
കല്‍പ്പറ്റ: വയനാട് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി കെ.എസ്. രസ്‌നയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ബാലാവകാശ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് മതിയായ നഷ്ടപരിഹാരവും സംസ്ഥാനത്തെ മുഴുവന്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ നിലവിലുള്ള സ്ഥിതിയെ കുറിച്ചുള്ള അന്വേഷണവും നടത്തി സത്വര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും(സിഡബ്ല്യുസി) കമ്മിഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നു.
മരണപ്പെട്ട വിദ്യാര്‍ഥിനിക്ക് നഷ്ടപരിഹാരത്തിന് പുറമെ ചില നിര്‍ദേശങ്ങളും കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വയനാട്ടിലെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ സുരക്ഷിതവും, സൗകര്യപ്രദവുമായ കെട്ടിടത്തിലേക്ക് ഉടന്‍ മാറ്റിസ്ഥാപിക്കുക. ഏറെ കാലമായി മുടങ്ങിയിരിക്കുന്ന കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ്, പോക്കറ്റ് മണി, ടിഎ, ഡിഎ എന്നിവ നല്‍കാനുള്ള നടപടി സ്വീകരിക്കുക. കുട്ടിയുടെ മരണ സമയത്ത് നിലവിലുണ്ടായിരുന്ന ഹോസ്റ്റല്‍ വാര്‍ഡനെ കുറിച്ച് അന്വേഷണം നടത്തി ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും കൗണ്‍സിലിങിനുള്ള സൗകര്യം നടപ്പിലാക്കാന്‍ സംസ്ഥാന സ്‌പോര്‍സ് കൗണ്‍സില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ബാലാവകാശ കമ്മിഷന്‍ വയനാട് സി ഡബ്ല്യൂ സിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."