ബാബുവിന്റെയും ദയാലുവിന്റെയും പാട്ട് യുവഹൃദയങ്ങളെ കീഴടക്കുന്നു
കൊടുങ്ങല്ലൂര്‍: കാല്‍നൂറ്റാണ്ട് മുന്‍പ് ബാബുവും, ദയാലും ചേര്‍ന്ന് ഈണത്തില്‍ പാടിയ പാട്ട് ഇന്ന് യുവ ഹൃദയങ്ങളും, കേരളത്തിലെ കാമ്പസുകളും നെഞ്ചോട് ചേര്‍ക്കുമ്പോള്‍, ഈ നാടന്‍ പാട്ടിന്റെ രചയിതാവിനെ അറിയാതെ ആരാധകരും, സിനിമാക്കാരും അലയുകയാണ്.
ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതുപേരും, പൂമരം കൊണ്ടൊരു കപ്പലുണ്ടാക്കി. എന്നു തുടങ്ങുന്ന ഗാനമാണ് ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ താളമിടുന്നതിന് ബാബു ആദ്യമായി ഈ പാട്ടു മൂളിയത്. മേത്തല വലിയപണിക്കന്‍ തുരുത്ത് നൊച്ചിക്കാട്ട് ബാബുവും, ദയാലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടില്‍ മീന്‍പിടിത്ത ബോട്ടില്‍ ജീവനക്കാരായിരുന്നു. പിന്നീട് ഈ പാട്ട് ബാബുവും ദയാലും ചേര്‍ന്ന് ചിട്ടപെടുത്തി മനോഹരമാക്കി പാടുകയായിരുന്നു.
പിന്നീട് പൂമരം എന്ന ഇനിയും റിലീസാവാത്ത സിനിമയിലൂടെ ഈ പാട്ട് നവമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് പാട്ടിന്റെ രചിയിതാവിനെ തേടി സിനിമാക്കാരും, നവമാധ്യമങ്ങളും ഓട്ടം തുടങ്ങിയത്. ബാബുവും ദയാലും ഈണമിട്ട് പാടിയ ഈ പാട്ട് നവമാധ്യമങ്ങളില്‍ നിന്നും അറിഞ്ഞ ദയാലിന്റെയും ബാബുവിന്റെയും ബന്ധുക്കളാണ് ഇരുവരെയും വിവരം അറിയിച്ചത്.
പാലയില്‍ ഒരു കെട്ടിടം പണിക്കിടയില്‍ ദയാല്‍ പാടിയ ഈ പാട്ട് കൂടെ ജോലിചെയ്തിരുന്ന എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന സുധീഷ് മൊബൈലില്‍ പകര്‍ത്തിയിരുന്നതായി ദയാല്‍ ഓര്‍മ്മിക്കുന്നു. പിന്നീടിത് മഹാരാജാസ് കോളജിലെ കലോത്സവത്തില്‍ സുധീഷും കൂട്ടരും പാടിയതോടെ കാംപസ് ഈ പാട്ട് ഏറ്റെടുത്ത് തലമുറകളിലേക്ക് കൈമാറുകയായിരുന്നു. ഇവരുടെ ഈ പാട്ടിനെക്കുറിച്ച് നേരത്തെ അറിയാവുന്ന നിരവധി പേരാണ് ഇവര്‍ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. വിവരം അറിഞ്ഞ കോട്ടപ്പുറം കിഡ്‌സ് കാംപസിലെ വിദ്യാര്‍ഥികളും തങ്ങളുടെ കാംപസിന്റെ കാവല്‍ക്കാരന്‍ ബാബുവിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."