സൂര്യന്റെ വരദാനം, ആദിത്യ യാത്രക്ക് തയ്യാര്‍
കൊച്ചി: ജല ഗതാഗതരംഗത്ത് ഇന്ത്യയുടെ പുതിയ കാല്‍വെപ്പിന് തുടക്കമിട്ട സംസ്ഥാനമെന്ന ഖ്യാതി ഇനി കേരളത്തിന്. രാജ്യത്തെ ആദ്യ സോളാര്‍ ഫെറിയായ ആദിത്യയുടെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ട്രയല്‍ റണ്ണിന് നേതൃത്വം നല്‍കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നേരിട്ടെത്തി. കൂടെ അരൂര്‍ എം.എല്‍.എ എ.എം ആരിഫും, വൈക്കം എം.എല്‍.എ സി.കെ ആശയും.
കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ഷാജി വി നായര്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ എന്നിവരും ചടങ്ങില്‍ എത്തി. ജല ഗതാഗത കോര്‍പറേഷനുവേണ്ടി നിര്‍മിച്ച ഈ സൗരോര്‍ജ്ജ ഫെറി തവണക്കടവ് - വൈക്കം റൂട്ടില്‍ അടുത്തമാസം ഓടിത്തുടങ്ങും.
മലിനീകരണമുണ്ടാക്കുന്ന ഡീസല്‍ എന്‍ജിനുകളില്‍നിന്ന് ചിലവുകുറഞ്ഞതും, പരിസ്ഥിതി സൗഹാര്‍ദപരവുമായ സോളാര്‍ യാത്രാബോട്ടുകളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍നിന്നും നല്ല പിന്തുണ് ലഭിക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ അന്‍പതോളം സൗരോര്‍ജ്ജ യാത്രാബോട്ടുകള്‍ നിര്‍മിച്ച് പ്രവര്‍ത്തനസജ്ജമാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അരൂരിലെ നിര്‍മാണ യൂനിറ്റില്‍നിന്നാണ് കന്നിയാത്ര പുറപ്പെട്ടത്. എഴുപത്തഞ്ച് യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള ഈ ഭീമന്‍ സോളാര്‍ ഫെറിക്ക് ഏകദേശം നാല് ബസിന്റെ വലുപ്പം വരും. ഫൈബര്‍ ഗ്ലാസ്സ് ഉപയോഗിച്ചാണ് നിര്‍മിതി. ഏഴ് മീറ്റര്‍ വീതിയും, ഇരുപത് മീറ്റര്‍ നീളവുമുണ്ട്. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച മേല്‍ക്കൂരയാണ് ഇതിനുള്ളത്. 7.5 നോട്ടിക്കല്‍ ആണ് വേഗത.
ഫെറിയുടെ നിര്‍മാതാവ് മലയാളിയായ സന്തിത് തണ്ടാശ്ശേരിക്ക് കന്നിയാത്ര അഭിമാനിക്കാവുന്ന നേട്ടമായി. ഇന്‍ഡോ ഫ്രഞ്ച് സംരംഭമായ നവാള്‍ട്ടിന്റെ മാനേജിങ്ങ് ഡയറക്ടറായ സന്തിത് പ്രഗല്‍ഭനായ ഷിപ്പ് ഡിസൈനറാണ്. രണ്ട് വര്‍ഷത്തെ പ്രയത്‌നംകൊണ്ടാണ് ഫെറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."