ശൈത്യത്തിന്റെ വരവറിയിച്ച് ബഹ്‌റൈനില്‍ മഴയെത്തി
മനാമ: വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളോടൊപ്പം ശൈത്യകാലത്തിന്റെ വരവറിയിച്ച് ബഹ്‌റൈനിലും വ്യാപകമായി മഴ പെയ്തു. രണ്ട് ദിവസമായി മൂടിക്കെട്ടി നിന്ന അന്തരീക്ഷത്തിനിടയിലാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ മണ്ണും മനസ്സും കുളിര്‍പ്പിച്ച് ശക്തമായ മഴ ലഭിച്ചത്.
വ്യാപകമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ടായിരുന്നു. മിനുട്ടുകള്‍ മാത്രമേ ശക്തമായ മഴ പെയ്തുള്ളൂവെങ്കിലും പല ഭാഗങ്ങളിലും വെള്ളം കയറിയതിനാല്‍ ഗതാഗതം ദുസ്സഹമായി.
അടുത്ത ദിവസം കൂടി ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. 5 മുതല്‍ 10 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തിലുള്ള തെക്കു കിഴക്കന്‍ കാറ്റും 40 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കൊടുങ്കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തിരമാല ഒന്ന് മുതല്‍ 3 വരെ അടി ഉയര്‍ന്നേക്കാം. കൊടുങ്കാറ്റില്‍ തീരത്തു നിന്ന് അകലെ 8 അടി വരെയും ഉയര്‍ന്നേക്കാം. നിലവില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 19ഉം ആണ്.
അതിനിടെ രാജ്യത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക ട്രാഫിക് നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം മുന്നറിയിപ്പ് നല്‍കി. സാധാരണ സമയത്തേക്കാള്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും മഴപെയ്യുന്ന സമയത്ത് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ഡ്രൈവര്‍മാര്‍ ഇടതും വലത്തും ശ്രദ്ധിക്കുകയും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കുകയും ചെയ്യാന്‍ തയ്യാറാവണമെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലും മഴ പെയ്യുന്ന സമയങ്ങളില്‍ ട്രാഫിക് വിഭാഗം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ചില റോഡുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്്. ഇത്തരം റോഡുകളില്‍ മഴക്കാലത്ത് അതീവ ജാഗ്രത പുലര്‍ത്തണം. വാഹനങ്ങളുടെ വേഗത കുറക്കുകയും സുരക്ഷാ ബെല്‍റ്റ് ധരിക്കുകയും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും സുരക്ഷിത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനും ശ്രദ്ധിക്കണം. വാഹനത്തിന്റെ എഞ്ചിനും ടയറും സമയാസമയങ്ങളില്‍ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ശ്രദ്ധ പുലര്‍ത്തണം.
അതേ സമയം റോഡിലും മറ്റും വെള്ളം പൊങ്ങിയത് വാഹനയാത്രക്കാര്‍ക്കൊപ്പം കച്ചവട സ്ഥാപനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഏറെ ദുസ്സഹമായെങ്കിലും അത്യപൂര്‍വ്വമായി മാത്രം ലഭിക്കുന്ന മഴയെ കുട്ടികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതും വെള്ളകെട്ടുകളില്‍ കളിക്കുന്നതും കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."