'ഈ സ്ഥാപനം ലഹരിമുക്തം'
മലപ്പുറം: ലഹരിമുക്ത മലപ്പുറം ജില്ല പദ്ധതിക്കു പിന്തുണയുമായി ജില്ലയിലെ കെട്ടിട ഉടമകളും രംഗത്ത്. കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയെ ലഹരിമുക്തമാക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തും എക്‌സൈസ് വിഭാഗവുമാണ് നിലവില്‍ ലഹരിമുക്ത പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്.
സംഘടനയില്‍ അംഗത്വമുള്ള കെട്ടിട ഉടമകള്‍ അവരുടെ കെട്ടിടം, പരിസരം എന്നിവിടങ്ങളിലെ ലഹരി വില്‍പന, ഉപയോഗം എന്നിവ തടയുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തനം നടത്തുന്ന മുഴുവന്‍ കെട്ടിടങ്ങളുടെ മുന്നിലും ഈ സ്ഥാപനം ലഹരിമുക്തം എന്ന സ്റ്റിക്കര്‍ പതിക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 10,000 കെട്ടിടങ്ങളിലാണ് ലഹരി മുക്തമെന്ന സ്റ്റിക്കര്‍ പതിക്കുക. ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 1000 പേര്‍ക്ക് പരീശലനവും നല്‍കിയിട്ടുണ്ട്.
പരിപാടി ഡിസംബര്‍ നാലിനു രാവിലെ 9.30ന് വളാഞ്ചേരി ആയിഷ ടവറില്‍ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സംഘടന നടപ്പാക്കി വരുന്ന ജനോപകാരപ്രദമായ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ലഹരി മുക്ത സ്റ്റിക്കര്‍ പ്രകാശനവും വളണ്ടിയര്‍ പരിശീലനത്തില്‍ പങ്കെടുത്ത 1000 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ബോധവല്‍ക്കരണ വാഹനപ്രചാരണ ജാഥാ വിളംബരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇല്യാസ് വടക്കന്‍, പി.പി അലവിക്കുട്ടി, ഇബ്‌നു ആദം, എ.എം ഹംസ, കെ. ഫക്രുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."