വ്യാജ നോട്ടുകള്‍ നിര്‍മിച്ച ആറുപേര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍
ഹൈദരാബാദ്: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 2000 രൂപ കറന്‍സിനോട്ടുകള്‍ക്കും മൂല്യം കുറഞ്ഞ നോട്ടുകള്‍ക്കും വ്യാജന്‍ നിര്‍മിച്ച ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് വ്യാജ നോട്ടുകളും രണ്ട് ഫോട്ടോ കോപ്പി മെഷിനും പിടിച്ചെടുത്തതായി രജകോണ്ട പൊലിസ് കമ്മിഷണര്‍ മഹേഷ് എം. ഭഗവത് അറിയിച്ചു.
തെലങ്കാനയിലെ ജമല്‍പൂര്‍ സ്വദേശികളായ സായി നാഥ്, ജി. അഞ്ജയ്യ, എസ്. രമേശ്, സി. സത്യനാരായണ, കെ. ശ്രീധര്‍ ഗൗഡ്, എ. വിജയകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന കല്യാണ്‍, ശ്രീകാന്ത് എന്നിവര്‍ രക്ഷപ്പെട്ടുവെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
തെലങ്കാനക്കടുത്ത ഇബ്‌റാഹീംപട്ടണത്തില്‍ വച്ചാണ് പൊലിസിലെ പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 2,22,310 മുഖവില വരുന്ന കറന്‍സി നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ കിട്ടാനില്ലാത്ത അവസരം മുതലെടുത്താണ് സംഘം വ്യാജ കറന്‍സികള്‍ പുറത്തിറക്കിയത്. 2000 രൂപയുടെ നോട്ടുകള്‍ക്കുപുറമെ ക്ഷാമം നേരിടുന്ന ചെറിയ മൂല്യത്തിലുള്ള നോട്ടുകള്‍ക്കും വ്യാജന്‍ നിര്‍മിച്ചാണ് ഇവര്‍ ആളുകളെ കബളിപ്പിച്ചത്. തുടക്കത്തില്‍ എല്ലാ തരം വ്യാജ നോട്ടുകളും ചെറിയതോതില്‍ വിപണിയിലെത്തിച്ചു. ആര്‍ക്കും സംശയം തോന്നുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൂടുതല്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങി.
പണത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്നത് തിരിച്ചറിഞ്ഞ് അത്തരം മേഖലകളില്‍ വ്യാജന്‍ കൂടുതലായി എത്തിച്ചാണ് ഇവര്‍ തന്ത്രങ്ങള്‍ വിപുലീകരിച്ചതെന്നും പൊലിസ് അറിയിച്ചു.
2000ന്റെ 105 വ്യാജ നോട്ടുകള്‍ക്ക് പുറമെ 100ന്റെ 102 നോട്ടുകള്‍, 50ന്റെ 105 നോട്ടുകള്‍, 20ന്റെ 117 നോട്ടുകള്‍ 10ന്റെ 102 നോട്ടുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."