കോടതി ശൗചാലയത്തില്‍ ഒളികാമറ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
തൊടുപുഴ: മുട്ടം ജില്ലാ കോടതി സമുച്ചയത്തിലെ ശൗച്യാലയത്തില്‍ ഒളികാമറ സ്ഥാപിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ചേര്‍ത്തല സ്വദേശിയായ വിജു ഭാസ്ക്കര്‍ (40) നായാണ് കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാള്‍ മുട്ടം ജില്ലാ കോടതിയില്‍ അറ്റന്‍ഡറായി ജോലിചെയ്തുവരികയായിരുന്നു. സംഭവത്തില്‍ ജീവനക്കാരനെ ജില്ലാ ജഡ്ജി് സസ്പെന്റ് ചെയ്തിരുന്നു. പ്രതി ഒളിവിലാണ്.
കഴിഞ്ഞ എട്ടിന് ഉച്ചയോടെയാണ് ശുചിമുറിയില്‍ കയറിയ ജീവനക്കാരി കാമറാ കണ്ടെത്തിയത്. സംഭവത്തില്‍ അന്നു തന്നെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത കാമറ സൈബര്‍സെല്‍ പരിശോധനയിലാണ്.
കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജിനാണ് അന്വേഷണ ചുമതല. അന്വേഷണം മുറുകുന്നതിനിടെയാണ് കോടതി ജീവനക്കാരന് മുങ്ങിയത്. മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ജീവനക്കാരനെ കണ്ടെത്താനായിരുന്നു പൊലിസിന്റെ ശ്രമം.
എന്നാല്‍, ഇയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തത് പൊലിസിന് തലവേദനയായി. ഇയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഏതാനും മൊബൈല്‍ഫോണുകളുടെ ഒഴിഞ്ഞ കവറുകള്‍ പൊലിസിന് ലഭിച്ചിരുന്നു. ഈ ഫോണുകള്‍ ഇയാള്‍ ഉപയോഗിക്കുന്നതാണോയെന്ന് വ്യക്തതയില്ല.
ഇതിന്റെയെല്ലാം ഐഎംഇഐ നമ്പരുകള്‍ ലഭിച്ചിട്ടുണ്ട്. നിലവിലുള്ള സിം ഉപേക്ഷിച്ച് ഇതിലേതെങ്കിലും മൊബൈല്‍ഫോണില്‍ പുതിയ സിം ഉപയോഗിച്ചാലും ഇയാളെ കണ്ടെത്താനാവും. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിരിക്കുന്ന ഒളിക്യാമറയുടെ പരിശോധനാഫലം അടുത്തദിവസം തന്നെ ലഭിക്കുമെന്ന് സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."