ബിരുദതല പി.എസ്.സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധം
കോഴിക്കോട്: ബിരുദം യോഗ്യതയുള്ള പരീക്ഷകളില്‍ മലയാളത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പി.എസ്.സി തീരുമാനിച്ചു. ഭരണഭാഷയെന്ന നിലയിലാണ് മലയാളത്തില്‍ നിന്ന് 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതിന് പകരമായി തമിഴ്, കന്നഡ ന്യൂനപക്ഷ ഭാഷാ വിഭാഗങ്ങള്‍ക്കായി ഈ ഭാഷകളില്‍ നിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. മൂന്നു ഭാഷാ വിഭാഗം ചോദ്യങ്ങള്‍ക്കും തുല്യ നിലവാരം ഉറപ്പാക്കുന്ന വിധം ചോദ്യങ്ങളുടെ മൊഡ്യൂളുകള്‍ പുനഃസംവിധാനം ചെയ്യുന്നതിന് ഏട്ടംഗ സമിതിയെ പി.എസ്.സി നിയോഗിച്ചു. ഡോ.ജോര്‍ജ് ഓണക്കൂറാണ് സമിതിയുടെ കോ-ഓഡിനേറ്റര്‍. എഴുമറ്റൂര്‍ രാജരാജവര്‍മ കണ്‍വീനറും പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ എന്‍.നാരായണശര്‍മ ഡയറക്ടറുമായി ഭാഷാ ന്യൂനപക്ഷ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയ ഏട്ടംഗ സമിതിയാണ് പി.എസ്.സി രൂപീകരിച്ചത്.
സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് മലയാളം നിര്‍ബന്ധമാക്കി പാഠ്യപദ്ധതി പരിഷ്‌കരിക്കും. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പരീക്ഷകള്‍ക്ക് നിലവില്‍ മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ബിരുദം യോഗ്യതയുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, കമ്പനി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷകളില്‍ മുന്‍പ് മലയാളം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ ഭാഷാ ന്യൂനപക്ഷങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതിനാല്‍ മലയാളം ഒഴിവാക്കിയാണ് പിന്നീട് പരീക്ഷകള്‍ പി.എസ്.സി നടത്തുന്നത്. ഇത് വിവാദമാവുകയും മലയാള ഭാഷാസ്‌നേഹികള്‍ സമരം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പി.എസ്.സി മലയാളം നിര്‍ബന്ധമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."