കണ്ണീരുണങ്ങാതെ ക്യൂബ
ഹവാന: വിവ ഫിദല്‍... അനശ്വരതയില്‍ അലിഞ്ഞുചേര്‍ന്ന തങ്ങളുടെ പ്രിയ നേതാവിനെക്കുറിച്ച് ഇന്നലെ ക്യൂബയില്‍ ഉയര്‍ന്നുകേട്ട നിലവിളി ഇതായിരുന്നു. അരനൂറ്റാണ്ടുകാലം തങ്ങളെ നയിച്ച വിപ്ലവത്തിന്റെ തീക്കനലില്‍ നിന്ന് ലോകത്തെ വിറപ്പിച്ച പോരാളിയുടെ വിയോഗം അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.29 നാണ് ഫിദല്‍ മരിച്ച വിവരം സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ലോകത്തെ അറിയിച്ചത്. ''ലാറ്റിന്‍ അമേരിക്കയുടെ ഒരു യുഗം അവസാനിച്ചിരിക്കുന്നു''ക്യൂബന്‍ വിപ്ലവ നക്ഷത്രം ഫിദല്‍ കാസ്‌ട്രോയുടെ വിടവാങ്ങല്‍ ലോകത്തെ അറിയിച്ചത് ഈ വാക്കുകളിലൂടെയായിരുന്നു.
ഒന്‍പതു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചത്. ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കുകയും ചെയ്തു. ബാസ്‌കറ്റ് ബോള്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ റദ്ദാക്കിയതായി സ്‌പോര്‍ട്‌സ് നാഷനല്‍ ഫെഡറേഷന്‍ അറിയിച്ചു. ദേശീയ ടെലിവിഷനും വിനോദപരിപാടികള്‍ ഒഴിവാക്കി.
ക്യൂബയില്‍ ഒന്‍പതു ദിവസത്തേക്ക് മദ്യ നിരോധനം പ്രഖ്യാപിച്ചു. കാസ്‌ട്രോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ഹവാനയിലെ വിപ്ലവചത്വരത്തില്‍ സംഗമം നടന്നു. ഹവാന യൂനിവേഴ്‌സിറ്റിയിലും കിഴക്കന്‍ ഹവാനയിലെ സാന്റിയാഗോയിലും വിദ്യാര്‍ഥികള്‍ അനുശോചന സമ്മേളനങ്ങള്‍ നടത്തി.
ഇന്നലെ ക്യൂബയില്‍ ഇറങ്ങിയ പത്രങ്ങളും പാര്‍ട്ടി നിറമായ ചുവപ്പ് ഒഴിവാക്കി കറുത്ത മഷിയിലാണ് അച്ചടിച്ചത്. 11 ദശലക്ഷം പേരാണ് ക്യൂബയിലുള്ളത്. പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്‍മയും ചുവപ്പിനു പകരം തലക്കെട്ടുകളില്‍ കറുത്തമഷി ഉപയോഗിച്ചു. യുവജന വിഭാഗത്തിന്റെ പത്രമായ റിബല്‍ യൂത്തും ഇതേശൈലി സ്വീകരിച്ചു. അനുശോചന സമ്മേളനങ്ങള്‍ക്കും മറ്റും സുരക്ഷാ സൈനികരുടെ സാന്നിധ്യവും കുറവായിരുന്നു. ഹവാന യൂനിവേഴ്‌സിറ്റിയില്‍ വിവ ഫിദല്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു.
അടുത്തമാസം നാലിനാണ് ഫിദല്‍ കാസ്‌ട്രോയുടെ സംസ്‌കാരം നടക്കുന്നത്. അതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ലോക നേതാക്കളും സംസ്‌കാര ചടങ്ങിനെത്തും. ഇന്ന് വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന അനുശോചന യോഗം ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ നടക്കും. വൈകിട്ടാണ് ചടങ്ങ്.
സഹോദരി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല
മിയാമി: ഫിദല്‍ കാസ്‌ട്രോയുടെ സഹോദരി ജുനൈത്ത കാസ്‌ട്രോ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ക്യൂബയില്‍ നിന്ന് യു.എസിലേക്ക് പലായനം ചെയ്തതാണ് ജുനൈത്ത. യു.എസ് മാധ്യമത്തോടാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജുനൈത്ത അറിയിച്ചത്. എന്നാല്‍ മനുഷ്യരുടെ മരണത്തില്‍ സന്തോഷിക്കാന്‍ തനിക്കാവില്ലെന്ന് അവര്‍ പറഞ്ഞു. ഫിദലിന്റെ വിമര്‍ശകയാണ് ജുനൈത്ത. എന്നാല്‍ ഫിദലും താനും ഒരേ രക്തമാണെന്ന തിരിച്ചറിവുണ്ടെന്നും അവര്‍ പറഞ്ഞു. ഫിദല്‍ കാസ്‌ട്രോയുടെ മാതാപിതാക്കള്‍ക്ക് റൗള്‍ കാസ്‌ട്രോ ഉള്‍പ്പെടെ ഏഴു മക്കളാണുള്ളത്. ജുനൈത്ത 1933 ലാണ് ജനിച്ചത്. ഫിദലിന്റെ കുടുംബത്തിലെ ഏക കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകാരി കൂടിയാണ് ഇവര്‍. 1964 മുതലാണ് ഇവര്‍ മിയാമിയിലെത്തിയത്. സി.ഐ.എയുമായി ചേര്‍ന്ന് ഫിദലിനെ പുറത്താക്കാനുള്ള നീക്കവും ജുനൈത്ത നടത്തിയിരുന്നു.
അന്ത്യവിശ്രമം സാന്റിയാഗോയില്‍
സാന്റിയാഗോ: കിഴക്കന്‍ ക്യൂബയിലെ സാന്റിയാഗോയിലെ സെമിത്തേരിയിലാണ് ഫിദലിന് അന്ത്യവിശ്രമമൊരുക്കുക. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ സ്‌കൂള്‍ പഠനവും വളര്‍ന്നതും ഇവിടെയായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ വിജയം അദ്ദേഹം പ്രഖ്യാപിച്ചതും സാന്റിയാഗോയിലെ സിറ്റിഹാളിന്റെ ബാല്‍ക്കണിയില്‍വച്ചാണ്. ഇന്നലെ ഹവാനയിലെ ജോസ് മാര്‍ട്ടി മെമ്മോറിയല്‍ ഹാളിലായിരുന്നു ഫിദലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. രാജ്യം മുഴുവന്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വിലാപ യാത്ര ഡിസംബര്‍ മൂന്നിന് വൈകിട്ട് ഏഴിന് സാന്റിയാഗോയിലെത്തും. പ്ലാസ അന്റോണിയ മാകോയില്‍ അവസാനത്തെ പൊതുദര്‍ശനം നടക്കും. പിറ്റേന്ന് ഞായറാഴ്ച സെമിത്തേരിയോ സാന്റ ഇഫ്‌ഗെനിയയില്‍ ഫിദല്‍ ഓര്‍മയാകും.
കുടുംബ ബന്ധത്തില്‍ ഒറ്റപ്പെട്ട കാസ്‌ട്രോ
ഹവാന: ലോകത്തെ ത്രസിപ്പിച്ച നേതാക്കളിലൊരാളായി കാസ്‌ട്രോയെ ലോകം എക്കാലവും വാഴ്ത്തും. എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ കാസ്‌ട്രോയെ അത്തരത്തില്‍ വിശേഷിപ്പിക്കാനിടയില്ല. സന്തോഷത്തെക്കാളേറെ തീരാദുഃഖമാണ് അവര്‍ കാസ്‌ട്രോയ്ക്ക് നല്‍കിയത്. രണ്ടു ഭാര്യമാരാണ് ഫിദലിനുണ്ടായിരുന്നത്. ഏഴു മക്കളും.
ആദ്യ ഭാര്യയായ മിര്‍ത്ത ഡയസ് ബല്ലാര്‍ട്ടിനെ 1948ലാണ് ഫിദല്‍ വിവാഹം ചെയ്യുന്നത്. സ്വന്തം പേരു തന്നെയാണ് ഇവരിലുണ്ടായ മകനും ഫിദല്‍ നല്‍കിയത്. ഫിദല്‍ എയ്ഞ്ചല്‍ ഫിദെലിറ്റോ കാസ്‌ട്രോ ഡയസ് ബല്ലാര്‍ട്ട് എന്നായിരുന്നു മകന്റെ പേര്. എന്നാല്‍ ഈ ബന്ധം 1955ല്‍ വേര്‍പിരിഞ്ഞു. പക്ഷേ ഇതിനെക്കാളേറെ ഫിദലിനെ വേദനിപ്പിച്ചത് അവര്‍ മകനുമൊത്ത് സ്‌പെയിനിലേക്ക് പോയപ്പോഴാണ്. പുനര്‍വിവാഹശേഷം സ്‌പെയിനിലെ മാഡ്രിഡിലേക്കാണ് ഇവര്‍ പോയത്. മകനോടുള്ള സ്‌നേഹം നിമിത്തം ക്യൂബയുടെ അണുശക്തി കമ്മിഷന്‍ ചെയര്‍മാനായി ഫിദെലിറ്റോയെ നിയമിച്ചിരുന്നു. പിന്നീട് കാസ്‌ട്രോ തന്നെ ഫിദെലിറ്റോയെ പുറത്താക്കി.
മിര്‍ത്തയുമായുള്ള ബന്ധത്തിനിടെതന്നെ നതാലിയ നാറ്റി റെവോല്‍റ്റ ക്ലൂസുമായി ഫിദലിന് പ്രണയബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. അലീന ഫെര്‍ണാഡ്രോ റെവോല്‍റ്റ എന്നാണ് ഇവരുടെ പേര്. 1993ല്‍ ക്യൂബ വിട്ട് അമേരിക്കയിലെ മിയാമിയില്‍ കുടിയേറിയ അലീന കാസ്‌ട്രോയുടെ കടുത്ത വിമര്‍ശകയാണ്. സ്‌പെയിന്‍ വഴി യു.എസിലെ മിയാമിയിലാണ് അലീന കുടിയേറിയത്. സ്പാനിഷ് ടൂറിസ്റ്റായി വേഷം മാറിയായിരുന്നു രക്ഷപ്പെടല്‍. 1998ല്‍ അലീന പ്രസിദ്ധീകരിച്ച 'കാസ്‌ട്രോസ് ഡോട്ടര്‍ ആന്‍ എക്‌സൈല്‍സ് മെമൊയ്ര്‍ ഓഫ് ക്യൂബ' അതീവ ശക്തമായ കാസ്‌ട്രോവിരുദ്ധ സാഹിത്യമാണ്.
രണ്ടാം ഭാര്യ ഡാലിയ സോട്ടോ ഡെല്‍വായില്‍ അഞ്ച് ആണ്‍മക്കളുണ്ട്. അലക്‌സിസ്, അലക്‌സാന്‍ഡ്രോ, അലജാന്‍ഡ്രോ, അന്റോണിയോ, എയ്ഞ്ചല്‍ എന്നിവരാണ് ഇത്. ഇവരാരും ഭരണത്തിന്റെ ഉന്നതങ്ങളിലില്ല. എന്നാല്‍ മകള്‍ അലീനയുടെ നിരന്തര വിമര്‍ശനം കാസ്‌ട്രോയെ പ്രകോപിപ്പിച്ചിരുന്നു. അതേസമയം, കാസ്‌ട്രോയുടെ ബന്ധങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്ന് രാജ്യത്തെ മാധ്യമങ്ങളെ സര്‍ക്കാര്‍ വിലക്കിയിരുന്നു. മക്കളെപ്പോലെ സഹോദരങ്ങളില്‍ ചിലരും കാസ്‌ട്രോയ്ക്കു തലവേദനയായിരുന്നു. സഹോദരി ജുനൈത്ത കാസ്‌ട്രോയാണ് ഇതില്‍ പ്രധാനി. കാസ്‌ട്രോയുമായി ഇടഞ്ഞ് 1964ല്‍ മിയാമിയിലെ ലിറ്റില്‍ ഹവാനയില്‍ കുടിയേറിയ അവര്‍ സഹോദരന്റെ ഏറ്റവും വലിയ വിമര്‍ശകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."