ശമ്പളദിനങ്ങള്‍ തുടങ്ങി; ബാങ്കുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്
കൊച്ചി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷമുള്ള പ്രതിസന്ധി തുടരവെ ശമ്പള ദിനങ്ങള്‍ക്കു തുടക്കം കുറിച്ചതു ബാങ്കുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. പുതിയ 500 രൂപ നോട്ടുകളുടെ ലഭ്യതക്കുറവാണു ബാങ്കുകളെ ബുദ്ധിമുട്ടിലാക്കുന്നത്. നിലവില്‍ 500 രൂപയുടെ നോട്ടുകള്‍ എ.ടി.എം കൗണ്ടറില്‍ നിന്നു മാത്രം നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശം.
എന്നാല്‍ പുതിയ 500 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ ചില എ.ടി.എമ്മുകളില്‍ മാത്രമാണു സ്ഥാപിച്ചിരിക്കുന്നത് എന്നതും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നുണ്ട്. ഞായറും മാസത്തിലെ നാലാമത്തെ ശനിയും അവധി ദിനങ്ങളായതിനാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലും ബാങ്ക് പ്രവര്‍ത്തിക്കാതിരുന്നത് ഇടപാടുകാരെ ദുരിതത്തിലാക്കി. ഹര്‍ത്താലിനെത്തുടര്‍ന്ന് ഇന്നും ബാങ്കിങ് മേഖല താളംതെറ്റും.
അതേസമയം ശമ്പളദിനങ്ങള്‍ തുടങ്ങിയതിനാല്‍ വരുംദിവസങ്ങളില്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ വന്‍ തിരക്കനുഭവപ്പെടുമെന്നാണു വിലയിരുത്തല്‍. ശമ്പളവും പെന്‍ഷനുമൊക്കെ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ടിലെത്തുമെങ്കിലും വിവി ധ ആവശ്യങ്ങള്‍ക്കായി ഇടപാടുകാര്‍ പണം പിന്‍വലിക്കാനെത്തുമ്പോള്‍ ആവശ്യത്തിന് പണമില്ലാതെ എങ്ങനെ നല്‍കുമെന്നതാണു ബാങ്ക് അധികൃതരെ കുഴക്കുന്ന ചോദ്യം. ആഴ്ചയില്‍ 24000 രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാമെന്നിരിക്കെ ശമ്പളം ലഭിച്ചുതുടങ്ങുന്ന ആദ്യ ആഴ്ചയില്‍ തന്നെ കൂടുതല്‍ പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാനെത്തും.
വാടക, കുട്ടികളുടെ ട്യൂഷന്‍, ഫീസ്, പത്രം, പാല്‍, ചിട്ടി, വായ്പകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു ശമ്പളം ലഭിച്ചയുടന്‍ അക്കൗണ്ടില്‍ നിന്ന് എടുക്കാറാണു പതിവ്. നവംബര്‍ എട്ടിനാണു നോട്ടുകള്‍ പിന്‍വലിച്ചത്. എന്നതിനാല്‍ കഴിഞ്ഞ ശമ്പളം ലഭിച്ചയുടന്‍ തന്നെ വിവിധ ആവശ്യങ്ങള്‍ക്കു അതിനുമുമ്പു തന്നെ പണം എടുത്തിരുന്നു. എന്നിട്ടും പ്രതിസന്ധി രൂക്ഷമായിരുന്നു.
അതിനിടെ ബാങ്കുകളിലെത്തുന്ന 100 രൂപ നോട്ടുകള്‍ ഉപയോഗയോഗ്യമല്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. 100 രൂപയുടെ 100 നോട്ടുകള്‍ അടങ്ങിയ കെട്ടുകളാണ് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ 1000 നോട്ടുകളടങ്ങിയ കെട്ടുകളാണ് എത്തുന്നത്. ഇതാകട്ടെ ആര്‍.ബി.ഐ ക്ലീന്‍ നോട്ട് പോളിസി നടപ്പാക്കിയപ്പോള്‍ പിന്‍വലിച്ചു നശിപ്പിക്കാന്‍ മാറ്റിയ നോട്ടുകളാണ്. കീടനാശിനി ഉപയോഗിച്ച ഇത്തരം നോട്ടുകള്‍ നിറം മങ്ങിയ നിലയിലാണ്. കെട്ടില്‍ നിന്ന് എടുത്താല്‍ തുണ്ടമാകുന്ന സ്ഥിതിയിലാണു പല നോട്ടുകളും. ഇത്തരം നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."