നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട: തിരിച്ചടി ഭയന്ന് ആദിവാസി കുടുംബങ്ങള്‍
കാളികാവ്: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ പേടി വിട്ടുമാറാതെ ആദിവാസി കുടുംബങ്ങള്‍. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ ആദിവാസികള്‍ തിരിച്ചടിയുണ്ടാക്കുമെന്ന ഭീതിയിലാണ്.
മാവോയിസ്റ്റുകളുടെ താമസം കാണിച്ചുകൊടുത്തതുള്‍പ്പെടെ പൊലിസിനു വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയത് ആദിവാസികളാണെന്ന പ്രചാരണം നിലനില്‍ക്കുന്നത് ഇവരുടെ ഭീതി വര്‍ധിപ്പിക്കുകയാണ്. ഏറ്റുമുട്ടലുണ്ടായ ഭാഗങ്ങളില്‍ മാത്രമുള്ള വനമേഖലയുമായി ചേര്‍ന്നുള്ള കോളനികളിലെ ആദിവാസികളുള്‍പ്പെടെ ഭീതിയുടെ നിഴലിലാണ്.
മറ്റു സംസ്ഥാനങ്ങളിലെല്ലാം മാവോയിസ്റ്റുകള്‍ പിടിച്ചുനില്‍ക്കുന്നത് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയിലാണ്. അവകാശ പോരാട്ടത്തിനു സഹായിക്കുമെന്ന തോന്നലുണ്ടാക്കിയാണ് ആദിവാസികളുടെ പിന്തുണ മാവോയിസ്റ്റുകള്‍ നേടിയെടുക്കുന്നത്. കേരളത്തില്‍ കിണഞ്ഞു ശ്രമിച്ചിട്ടും മാവോയിസ്റ്റുകള്‍ക്കു കാര്യമായി ഒന്നും ചെയ്യാനായില്ലെന്നു മാത്രമല്ല, ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞിട്ടില്ല. ഒന്നര വര്‍ഷമായി നിലമ്പൂര്‍ വനമേഖലയില്‍ തമ്പടിച്ച മാവോയിസ്റ്റുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ആദിവാസികളെ പല വിധത്തിലും പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പിന്തുണ ലഭിക്കാത്തതിനാല്‍ ആദിവാസികളെ ഭീഷണിപ്പെടുത്തിയാണ് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചിരുന്നത്. മാവോയിസ്റ്റുകളെ പിന്തുണച്ചില്ലെന്നു മാത്രമല്ല, അവരെ ഒറ്റുകൊടുത്തെന്ന ആരോപണം കൂടിയായതോടെ ആദിവാസികള്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
പൊലിസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വനവിഭവങ്ങള്‍ തേടിപ്പോകാനും ആദിവാസികള്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അതിനാല്‍ ആക്രമണ ഭീതിക്കു പുറമേ ആദിവാസി കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലുമാണ്.
മാവോയിസ്റ്റ് ഭീതിയിലായ കല്ലാമൂല ചിങ്കക്കല്ല് ആദിവാസി കോളനിയില്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്‌റഫ് സന്ദര്‍ശനം നടത്തി. മാവോയിസ്റ്റുകളുടെ തിരിച്ചടി ഭയക്കുന്ന കോളനികളിലെ സുരക്ഷ ഉറപ്പുവരുത്തി ആദിവാസി കുടുംബങ്ങളുടെ ഭീതിയകറ്റുന്നതിനു നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."