'ഹിറ്റ്‌ലര്‍ ജൂതന്മാരെ ചെയ്തതു പോലെ ട്രംപ് മുസ്‌ലിംകളെ ചെയ്യും'; പള്ളികളില്‍ ഭീഷണിക്കത്തുകള്‍
കാലിഫോര്‍ണിയ: മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാനാണ് ട്രംപ് അധികാരത്തിലേറിയതെന്ന രീതിയില്‍ ഭീഷണിയുമായി അമേരിക്കയില്‍ മുസ്‌ലിം പള്ളികളില്‍ ഭീഷണിക്കത്തുകള്‍. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതന്മാരോട് എന്തു ചെയ്‌തോ, അതുപോലെ ട്രംപ് മുസ്‌ലിംകളോട് ചെയ്യുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. കാലിഫോര്‍ണിയയിലെ മൂന്നു പള്ളികളിലാണ് സമാനമായ കത്ത് എത്തിയത്.
മുസ്‌ലിംകളെ 'സാത്താന്‍മാരുടെ കുട്ടികള്‍' എന്നു വിശേഷിപ്പിച്ചാണ് കൈയ്യെഴുത്ത് പ്രതിയിലുള്ള കത്ത് തയ്യാറാക്കിയിരിക്കുന്നത്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസ്, ലോങ് ബീച്ച്, തെക്കന്‍ കാലിഫോര്‍ണിയയിലെ പൊമോന എന്നിവിടങ്ങളിലെ ഇസ്‌ലാമിക് സെന്ററുകളിലാണ് കത്ത് ലഭിച്ചത്.
'നിങ്ങള്‍ മുസ്‌ലിംകള്‍ വൃത്തികെട്ടവരും നിന്ദ്യരുമാണ്. നിങ്ങളുടെ മാതാക്കള്‍ വേശ്യകളും പിതാക്കന്മാര്‍ പട്ടികളുമാണ്'- കത്തില്‍ തുടരുന്നു. 'നിങ്ങള്‍ വൃത്തികെട്ടവനാണ്. നിങ്ങള്‍ ആരാധിക്കുന്നത് പിശാചിനെയാണ്. പക്ഷെ, നിങ്ങളുടെ വിചാരണയുടെ ദിനം എത്തിയിരിക്കുന്നു'.
ഇതാദ്യമായാണ് ഇങ്ങനൊരു കത്ത് ലഭിക്കുന്നതെന്ന് കൗണ്‍സില്‍ ഓണ്‍ ഇസ്‌ലാമിക്- അമേരിക്കന്‍ റിലേഷന്‍സ് അധികൃതര്‍ പറഞ്ഞു. മതങ്ങളെ ഭയപ്പെടുത്തിയുള്ള വെറുക്കപ്പെടുന്ന കാമ്പയിന്‍ അന്വേഷണ വിധേയമാക്കണമെന്ന് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹുസാം അയ്‌ലൂഷ് പറഞ്ഞു. മുസ്‌ലിം വിഭാഗവുമായി കത്തയച്ചയാള്‍ സംഭാഷണത്തിന് തയ്യാറാകണമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഫൈസല്‍ യസാദി പറഞ്ഞു.
2001 സെപ്തംബര്‍ 11 ആക്രമണത്തിനു ശേഷം മുസ്‌ലിംകള്‍ക്കെതിരെ അമേരിക്കയില്‍ നിരവധി നീക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞവര്‍ഷം മുതല്‍ അത് വളരെ വര്‍ധിച്ചിരിക്കുകയാണെന്ന് എഫ്.ബി.ഐ പറയുന്നു.
കഴിഞ്ഞവര്‍ഷം മാത്രം 257 സംഭവങ്ങളാണ് അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നത്. 2014 നെ സംബന്ധിച്ച് 67 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായതെന്നും എഫ്.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."