കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തും : മന്ത്രി
കൂത്തുപറമ്പ്: ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 152 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും സ്ഥലപരിമിതിയുടെ പ്രശ്നം പരിഹരിച്ചാല്‍ പാനൂരില്‍ പുതിയ ആശുപത്രി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാറിനു കീഴിലുള്ള ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണു സംസ്ഥാനത്തെ 152 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ സമ്പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നത്.ഇതില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനം, ലബോറട്ടറി, ഒബ്സര്‍വേഷന്‍ റൂം, വ്യായാമ മുറി എന്നിവ ഉള്‍പ്പെടുത്തും.
നാഷനല്‍ ഹെല്‍ത്ത് മിഷന് പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പില്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി പകല്‍ വീടു സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്മാന് എം സുകുമാരന്‍ അധ്യക്ഷനായി.
വൈസ് ചെയര്‍പേഴ്സണ്‍ എം.പി മറിയംബീവി, ഡോ.കെ ജിതേന്ദ്രനാഥ്, ടി ലതേഷ്, ഡോ.കെ.വി ലതീഷ്, സി.ജി തങ്കച്ചന്, കെ.വി ഗംഗാധരന്, കെ ചന്ദ്രന്, സല്‍ജി സഹദേവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."