കൂച്ച് ബിഹാര്‍: ആദ്യ ദിനത്തില്‍ ബൗളിങ് മികവുമായി കേരളം
ആലപ്പുഴ: റെയില്‍വേസിനെതിരായ കൂച്ച് ബിഹാര്‍ ട്രോഫി ചതുര്‍ദിന മത്സരത്തിന്റെ ആദ്യ ദിനത്തില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ മികവു കാട്ടി.
ആദ്യ ഇന്നിങ്സില്‍ റെയില്‍വേസിനെ 235 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളം ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെടുത്തിട്ടുണ്ട്. 11 വീതം റണ്‍സുമായി ആനന്ദ് കൃഷ്ണനും രോഹന് എസ് കുന്നുമ്മലുമാണ് ക്രീസില്‍.
മികച്ച രീതിയില്‍ ബാറ്റിങ് തുടങ്ങിയ റെയില്‍വേയ്ക്ക് മധ്യനിരയുടേയും വാലറ്റത്തിന്റേയും കൂട്ടത്തകര്‍ച്ചയാണ് വിനയായത്. ഓപണര്‍ ധീരു സിങ് (84), രുദ്രപ്രതിം നായക് (40) എന്നിവര്‍ തുടക്കത്തില്‍ മികച്ച ബാറ്റിങുമായി കളം നിറഞ്ഞെങ്കിലും ഇരുവരും പുറത്തായ ശേഷം റെയില്‍വേസിനു കാര്യമായ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.
കേരളത്തിനായി ഡാരിയല്‍ എസ് ഫെരാരിയോ നാലു വിക്കറ്റുകളും വിവേക് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
ഫനൂസ്, നായകന് സിജോമോന്‍ ജോസഫ്, അതുല്‍ രവീന്ദ്രന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."