ഉത്സവങ്ങളില്‍ ആനകള്‍ക്കു കര്‍ശനനിയന്ത്രണം വേണമെന്ന് മേനകാ ഗാന്ധി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മറ്റും ആനകളെ വളര്‍ത്തുന്നതിനും ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു.
മൃഗശാലകളില്‍ മൃഗങ്ങളെ പരിപാലിക്കുന്നതിനു സമാനമായ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും ഇക്കാര്യത്തിലും വേണമെന്നാവശ്യപ്പെട്ട് മന്ത്രി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിനു കത്തെഴുതി. ആനകളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ (സി.ഇസഡ്.എ) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളിലും ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മേനക വനം-പരിസ്ഥിതി മന്ത്രാലയത്തോട് ഈ വിഷയത്തില്‍ കത്തയച്ചത്. മന്ത്രിയുടെ നിര്‍ദേശങ്ങള്‍ പരിസ്ഥിതിമന്ത്രാലയത്തിനു കീഴിലുള്ള സാങ്കേതക വിദഗ്ധ സമിതി അംഗീകരിച്ചിട്ടുണ്ട്. മന്ത്രി അനില്‍മാധവ് ദവേയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ അദ്ദേഹം അത് കേന്ദ്രമന്ത്രിസഭയ്ക്കു വിടും.
ശുപാര്‍ശ പരിസ്ഥിതി മന്ത്രിസഭകൂടി അംഗീകരിക്കുകയാണെങ്കില്‍ അത് ഏറ്റവും അധികം തിരിച്ചടിയാവുക തൃശൂര്‍ പൂരത്തിനും കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കുമാവും.
പല ആനകള്‍ക്കും നിയമാനുസൃതമായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ലെന്നു മേനക ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. ആനകളെ പ്രകൃതിസൗഹൃദ സ്ഥലങ്ങളില്‍ വളര്‍ത്തണം, സുഖചികിത്സയ്ക്കു പ്രത്യേക സൗകര്യവും കേന്ദ്രവും തയ്യാറാക്കണം, ഭക്ഷണത്തിനും താമസത്തിനും കുളിപ്പിക്കാനും പ്രത്യേക സൗകര്യങ്ങള്‍, സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, മൃഗ ഡോക്ടരുടെയും ജീവ ശാസ്ത്രജ്ഞരുടെയും വിദഗ്ധ പരിശീലകരുടെയും സേവനം ഉറപ്പുവരുത്തല്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. കഴിഞ്ഞവര്‍ഷത്തെ കണക്കു പ്രകാരം രാജ്യത്ത് ക്ഷേത്രങ്ങളിലും മൃഗശാലകളിലുമായി ആകെ 3,400 ആനകളാണുള്ളത്. ഇതില്‍ ബഹുഭൂരിഭാഗവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.
ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്കും മറ്റ് ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും വന്യജീവി നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള ജില്ലാതല മേല്‍നോട്ട സമിതികളിലാണ് ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കഴിഞ്ഞവര്‍ഷം ജൂണില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."